
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ മനോരമയുടെ (68) മൃതദേഹം പൊതുദർശനത്തിനുശേഷം തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. വൈകിട്ട് 5ഓടെയായിരുന്നു സംസ്‌കാരം നടന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 3ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ഒരു ദിവസം മുമ്പുവരെ ചിരിയോടെ സൗഹൃദം പുതുക്കിയിരുന്ന വീട്ടമ്മയുടെ വിയോഗം വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷാപുരി നഗർ നിവാസികൾ. ആരോടും അധികം സംസാരിക്കാറില്ലെങ്കിലും കാണുമ്പോൾ ചെറിയ ചിരി സമ്മാനിക്കുകയാണ് പതിവ്, വീട്ടിലെ ജോലികളുമായി കഴിയുന്നതിനാൽ ഇവരെ അധികം സമയം പുറത്തുകാണാറില്ലെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ ആരെങ്കിലുമെത്തി കോളിംഗ് ബെല്ലടിച്ചാൽ പകൽ സമയത്തുപോലും ജനൽ തുറന്നുനോക്കി ആളാരെന്ന് ബോദ്ധ്യപ്പെട്ട ശേഷം മാത്രമേ കതക് തുറക്കാറുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്.
മനോരമയും ഭർത്താവ് ദിനരാജും കോളേജീയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സീനിയർ സൂപ്രണ്ടുമാരായി വിരമിച്ചവരാണ്. രണ്ടുപേരും മാത്രമാണ് രക്ഷാപുരി റോഡിലെ വീട്ടിൽ താമസിച്ചിരുന്നത്. ഏകമകൾ നീലാഞ്ജന പരവൂരിലെ ഭർതൃവീട്ടിലാണ് താമസം. മകളും കുടുംബവും ഇടയ്‌ക്കിടെ മാതാപിതാക്കളെ കാണാനെത്തുമായിരുന്നു. കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എന്നിവർ അന്തിമോപചാരമർപ്പിച്ചു.