
തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തെ വൈദ്യുതി ജീവനക്കാർ ഇന്നലെ ജോലി നിറുത്തി വച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്ത് 1000ൽ അധികം കേന്ദ്രങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ജീവനക്കാർ പ്രതിഷേധപ്രകടനവും, ധർണയും നടത്തി. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി കേരള ചാപ്റ്റർ ചെയർമാൻ എം.പി ഗോപകുമാർ, കൺവീനർ കെ.ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എളമരം കരീം എം.പി, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കാനം രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവർ പ്രക്ഷോഭകരെ അഭിവാദ്യം ചെയ്തു .ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടത് പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് നേതാക്കൾ പറഞ്ഞു.
. തിരുവനന്തപുരത്ത് പട്ടം വൈദ്യുതിഭവന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജു.എ.എച്ച് , ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നേതൃത്വത്തിലുള്ള സേവ് കെ.എസ്.ഇ.ബി.എൽ ഫോറം മാർച്ചും യോഗവും നടത്തി. ജി.പി.ഒയ്ക്ക് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.