
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ മനോരമയെ കൊലപ്പെടുത്തിയത് അസാം സ്വദേശി ആദം അലിയാണെന്ന് പൊലീസ് ഉറപ്പിച്ചത് സി.സി ടി.വി ദൃശ്യങ്ങളിലൂടെ. സമീപത്തെ അടഞ്ഞുകിടന്ന വീട്ടിലെ സിസി ടിവി കാമറകളിൽ നിന്നാണ് ഇയാൾ മൃതദേഹവും ചുമന്ന് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട് പോകുന്ന ദൃശ്യങ്ങളും കിട്ടി. തുടർന്ന് ഫോട്ടോ ശേഖരിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ തയ്യാറാക്കി പൊലീസ് നടത്തിയ ചടുലനീക്കങ്ങളിലൂടെയാണ് അടുത്ത ദിവസംതന്നെ പ്രതിയെ പിടിക്കാനായത്.
സമീപത്ത് നിർമ്മാണത്തിലുള്ള വീടിന്റെ ഒന്നാം നിലയിൽ നിന്ന് മനോരമയുടെ വീടിന്റെ സൺഷേഡിലിറങ്ങി മതിൽവഴിയാണ് പ്രതി വീട്ടുവളപ്പിൽ കടന്നത്. വീടിന്റെ പിൻവാതിൽ വഴി അകത്തുകടന്ന പ്രതി മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. കവർച്ചയ്ക്ക്ശേഷം കയറുപയോഗിച്ച് കൈകാലുകൾ ബന്ധിച്ച് ഇഷ്ടികക്കൂട്ടി കെട്ടി മനോരമയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പുറത്തിറക്കി. തുടർന്ന് മതിലിന് മുകളിലൂടെ തൊട്ടടുത്ത കോമ്പൗണ്ടിലെത്തിച്ച് കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സമീപത്ത് വീട് നിർമ്മാണ ജോലിക്കെത്തിയ ഇയാൾ ദിവസങ്ങളോളം മനോരമയുടെ വീട് നിരീക്ഷിച്ചിരുന്നതായും പൊലീസിന് സംശയമുണ്ട്. മനോരമയുടെ ഭർത്താവ് പുറത്തേക്ക് പോയത് കണ്ടാകാം വീട്ടിലേക്ക് കയറിയത്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും പരസഹായം ലഭിച്ചിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. ഇന്ന് ഇയാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരും. പിടിയിലായ ഇയാളുടെ പക്കൽ നിന്ന് അരലക്ഷത്തിലധികം രൂപ കണ്ടെത്തിയതായും കൃത്യത്തിന് ശേഷം ഫോൺ തല്ലിപ്പൊളിച്ചതായും പറയപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
ആദം അലിയുടെ ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരിൽ നിന്ന് ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയാൻ പൊലീസിന് കഴിഞ്ഞില്ല. അസാമിൽ ഒരേ ജില്ലക്കാരാണെങ്കിലും വ്യത്യസ്ത ഗ്രാമക്കാരാണ് മറ്റുള്ളവർ. അതിനാൽ പ്രതിയുടെ പൂർവകാലമോ ക്രിമിനൽ പശ്ചാത്തലമോ ഇവരിൽ നിന്ന് പൊലീസിന് മനസിലാക്കാനായില്ല. ഞായറാഴ്ച പണിയില്ലാത്തതിനാൽ ഇവർ പുറത്ത് പോകാൻ പ്ളാൻ ചെയ്തിരുന്നു. ഇതിനിടെയാണ് ആദം മനോരമയുമായി വാക്കേറ്റമുണ്ടായെന്നും തർക്കത്തിനിടെ താൻ അവരെ തല്ലിയെന്നും ഇനി ഇവിടെ നിൽക്കുന്നില്ലെന്നും പറഞ്ഞ് സ്ഥലംവിട്ടത്. കേരളത്തിൽ മൂന്നുവർഷത്തിലധികമായി ജോലി ചെയ്യുന്ന ഇവർ രണ്ടാഴ്ച മുമ്പാണ് കേശവദാസപുരത്ത് ജോലിയ്ക്കെത്തിയത്. ഇവിടെതന്നെയായിരുന്നു താമസം.
പബ്‌ജി കളിയിൽ ഹരം
അധികം സംസാരിക്കാനോ ആരുമായും ഇടപെടാനോ തയ്യാറാകാത്ത പ്രകൃതമാണ് ആദം അലിയുടേതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. ജോലി കഴിഞ്ഞ് പബ്‌ജി കളിയിൽ മുഴുകുന്നതായിരുന്നു ഇയാളുടെ ശീലം. ആദമിനെ ചോദ്യം ചെയ്തശേഷമേ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കണോ എന്നകാര്യത്തിലടക്കം തീരുമാനമുണ്ടാകൂ.