1

കഴക്കൂട്ടം: പുതുക്കുറിച്ചിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ നിർദ്ധനരായ നാല് പെൺമക്കൾക്കും ഓട്ടിസം ബാധിച്ച മകനും തലചായ്ക്കാൻ സ്‌നേഹഭവനം ഒരുങ്ങുന്നു. സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായ അഞ്ചിലാസ് ഫ്രാങ്ക്‌ളിൻ മരണപ്പെട്ടപ്പോൾ അനാഥമായത് രോഗിയായ ഭാര്യയും അഞ്ച് മക്കളുമാണ്. ചോർന്നൊലിക്കുന്ന ചെ​റ്റക്കുടിലാണിവരുടെ താമസം.

മൂത്തമകൾ ഇപ്പോൾ പ്ലസ്ടു പാസായി. മ​റ്റുള്ളവർ സ്‌കൂളിലും. വിവരം ശ്രദ്ധയിൽപ്പെട്ട നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലിസാബ്രിൻ തീരപ്രദേശത്തെ യുവ മത്സ്യത്തൊഴിലാളികളെയും സന്നദ്ധ സംഘടനകളെയും വിളിച്ചുചേർത്ത് കുടുംബത്തിന് വീട് വച്ച് കൊടുക്കുന്നതിന്റെ കാര്യം ചർച്ചചെയ്യുകയും നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേ​റ്റ് ചെയ്ത് പ്രവർത്തിക്കുന്ന പുതുക്കുറിച്ചി നെഹ്റു യൂത്ത് സെന്റർ ഭവനനിർമ്മാണത്തിന്റെ നേതൃത്വം ഏ​റ്റെടുക്കുകയുമായിരുന്നു.

പള്ളിവക വസ്തുവിൽ കെട്ടിയിരുന്ന ചെ​റ്റകുടിൽ പൊളിച്ചുമാ​റ്റി മാർച്ചിലാണ് കെട്ടിടനിർമ്മാണത്തിന് തുടക്കമിട്ടത്. നെഹ്റു യൂത്ത് സെന്റർ വർക്കിംഗ് ചെയർമാൻ അനിൽ ലത്തീഫിന്റെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങുകയും വിദേശത്തും സ്വദേശത്തുമുള്ള നാട്ടുകാരുടെ സഹായത്തോടെ സ്‌നേഹഭവൻ പണിയുകയുമായിരുന്നു.

പെൺമക്കൾ പഠിക്കുന്ന പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ ശേഖരിച്ച രണ്ട് ലക്ഷം രൂപയും ഇതിന് താങ്ങായി. പഞ്ചായത്ത് അംഗം സതീഷ് ഇവാനിയസ്, സാമൂഹിക പ്രവർത്തർ, നെഹ്റു യൂത്ത് സെന്റർ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം. ഗാന്ധി ജയന്തി ദിനത്തിൽ സ്‌നേഹഭവന്റെ താക്കോൽ ദാനചടങ്ങ് നടത്താനാണ് ആലോചിക്കുന്നത്.