
കാട്ടാക്കട: കാട്ടാക്കടയിൽ യുവാക്കൾ ഏറ്റുമുട്ടി. ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെ കൂട്ടത്തല്ല്. തിങ്കളാഴ്ച വൈകിട്ട് 5 ഓടെയാണ് ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമാസക്തരായത്.
മൊളിയൂർ റോഡിലെത്തിയ ഇവർ യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയും ചിലർ പിടിച്ച് മാറ്റുന്നതും സി.സി ടിവി ദൃശ്യത്തിലുണ്ട്. യുവാക്കളിൽ ഒരാൾ സമീപത്തെ ഇറച്ചിക്കടയിൽ കയറി ഇറച്ചി വെട്ട് കത്തിയുമായി തിരികെയെത്തി യുവാവിനെ ആക്രമിക്കാൻ ഒരുങ്ങുന്നതും കടയിലെ ജീവനക്കാരൻ പിറകേയെത്തി കത്തി പിടിച്ചുവാങ്ങി പോകുന്നതും ദൃശ്യത്തിലുണ്ട്.
ഒരു മാസത്തിന് മുൻപും ഇവിടെ ഇത്തരത്തിൽ ആക്രമണവും തമ്മിൽത്തല്ലുമുണ്ടായി. ബസ് സ്റ്റാൻഡ് പരിസരത്തും സ്കൂൾ കോളേജ് പിരിയുന്ന സമയത്തും പൊലീസ് സാന്നിദ്ധ്യം ഇല്ലാത്തതും ഇത്തരം അക്രമങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവർക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് പറയുന്നു. യുവാക്കൾ എവിടെനിന്ന് വന്നവരാണെന്ന വിവരം ലഭിച്ചിട്ടില്ല. മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.