തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ഉപരിപഠനം വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആൽഫ മേരി ഇന്റർനാഷണൽ എഡ്യുക്കേഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. മുമ്പ് തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പൂട്ടിച്ചെങ്കിലും പിന്നീട് ഓൺലൈൻ വഴി പ്രവർത്തിച്ചാണ് ഇവർ വീണ്ടും തട്ടിപ്പ് നടത്തിയത്.

ആൽഫമേരി.കോം എന്ന വെബ്‌സൈറ്റിലൂടെയാണ് പ്രവർത്തനം. തെറ്റായ മേൽവിലാസത്തിൽ ഇതേ സ്ഥാപനം തമ്പാനൂരിൽ പ്രവർത്തിക്കുന്നെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ തമ്പാനൂരിലെ വിലാസവും നൽകിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു സ്ഥാപനം അവിടെ പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പട്ടം പി.എസ്.സി. ഓഫീസിന് എതിർവശത്തായിരുന്നു മുമ്പ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ബ്രിട്ടൺ, അമേരിക്ക, കാനഡ, അയർലൻഡ്, പോളണ്ട്, ജർമനി എന്നീ രാജ്യങ്ങളിൽ വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്‌ത് വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി പണം വാങ്ങുകയാണ് രീതി. പിന്നീട് അഡ്മിഷൻ ശരിയായില്ലെന്നും തുക തിരിച്ചുനൽകാമെന്നും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും വിശ്വസിപ്പിക്കും. എന്നാൽ പണം തിരിച്ചുനൽകില്ല.

മകൾക്ക് അഡ്മിഷനായി 10 ലക്ഷം നൽകി കബളിപ്പിക്കപ്പെട്ട കരിയം സ്വദേശി പ്രസാദ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നേമം സ്റ്റേഷനിൽ 18 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്ന പരാതിയും കമ്പനിക്കെതിരെയുണ്ട്. തമ്പാനൂർ സ്റ്റേഷനിലും സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇവരുടെ സെർവർ അമേരിക്കയിലാണെന്നതിനാൽ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാനും പൊലീസിന് കഴിയുന്നില്ല. ധാരാളം വിദ്യാർത്ഥികളിൽ ലക്ഷക്കണക്കിന് രൂപ തട്ടിയതായി പേരൂർക്കട എസ്.എച്ച്.ഒ പറഞ്ഞു.