mali

വെഞ്ഞാറമൂട്:ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കാനൊരുങ്ങി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്.ഹരിതകർമ്മ സേനയുടെ മാലിന്യശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ പുറത്തിറക്കിയ ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ പൈലറ്റ് പ്രോജക്ടായി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ തേമ്പാംമൂട് വാർഡിലെ ആദ്യത്തെ വീട്ടിൽ ക്യു ആർ കോഡ് പതിപ്പിച്ച് ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു.പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ മജീദ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് എസ്.ആർ അശ്വതി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ശ്രീകണ്ഠൻ, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്ര എൽ. ശുഭ, മെമ്പർമാരായ നസീർ അബൂബേക്കർ,പുല്ലമ്പാറ ദിലീപ്,ലൈലാബീവി, പ്രിയ കെ.എസ്,റാണി പി.ബി,ഷാജഹാൻ എ, ശുചിത്വ മിഷൻ കോഓർഡിനേറ്റർ ഫൈസി,കെൽട്രോൺ പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, അസി: സെക്രട്ടറി എം.വിജയൻ,വി.ഇ.ഒ രാജേഷ്,ചിത്ര എന്നിവർ സംസാരിച്ചു.പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആർ.കോഡ് പതിപ്പിക്കും.പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാം.മാലിന്യങ്ങളുടെ ഇനം, അളവ്,കൈമാറുന്ന തീയതി,യൂസർഫീ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാനും സേനാംഗങ്ങളുടെ പെരുമാറ്റം,സേവനം എന്നിവയെക്കുറിച്ചുള്ള പരാതി രേഖപ്പെടുത്താനും ആപ്പിൽ സൗകര്യമുണ്ട്.ആപ്പിലൂടെ ലഭിക്കുന്ന പരാതികൾ 24 മണിക്കൂറിനകം വാർഡ് തലത്തിൽ പരിഹരിക്കപ്പെടും.