photo

വികസനവും പുരോഗതിയും വർദ്ധിക്കുന്നതനുസരിച്ച് ഏത് രാജ്യത്തും വൈദ്യുതി ചെലവ് കൂടും. ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും വൈദ്യുതിനിരക്ക് കൂടിവരും. രാജ്യത്ത് പൊതുവേ പൊതുമേഖലയിലാണ് വൈദ്യുതി വിതരണം നടക്കുന്നത്. കർഷകർക്കും മറ്റും വൈദ്യുതി സബ്‌സിഡിയും ഇളവും നൽകുന്നതിൽ പലപ്പോഴും രാഷ്ട്രീയം കടന്നുവരും. വൈദ്യുതിരംഗത്തെ രാഷ്ട്രീയ അതിപ്രസരം ബോർഡുകളെ നഷ്ടത്തിലാക്കുകയും വൈദ്യുതിനിരക്ക് ഇടയ്ക്കിടെ വർദ്ധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. വലിയ നഗരങ്ങളിൽ മദ്ധ്യവർഗക്കാർക്ക് താങ്ങാവുന്നതിൽ കൂടുതലാണ് നിലവിലെ വൈദ്യുതി നിരക്ക്. ഇത് ഏറ്റവും വലിയ തുറുപ്പുചീട്ടായി ഉപയോഗിച്ചത് ആം ആദ്‌മി പാർട്ടിയാണ്. ഡൽഹിയിൽ സാധാരണക്കാരന്റെ വൈദ്യുതിബിൽ പകുതിയായി കുറയ്ക്കുമെന്ന ഇലക്‌ഷൻ വാഗ്ദാനം അവർ അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കി. പഞ്ചാബിലും അവർ ഇതാവർത്തിച്ചു. ആം ആദ്‌മി പാർട്ടിയെ മറ്റ് രാഷ്ട്രീയകക്ഷികളിൽ നിന്ന് വ്യത്യസ്തമായി ജനം വിലയിരുത്താനുള്ള പ്രധാന കാരണം വൈദ്യുതി നിരക്ക് കുറച്ചുകൊണ്ടുള്ള അവരുടെ നീക്കമാണ്. അടിക്കടി വില കൂട്ടിക്കൊണ്ടിരുന്നാൽ പൊതുമേഖലയെ ആളുകൾക്ക് വേണ്ടാതാകും. പഴയതുപോലെ പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയും അഴിമതിയും സഹിക്കാനുള്ള മാനസികാവസ്ഥ ജനങ്ങൾ ഇപ്പോൾ പുലർത്തുന്നില്ല. കുറഞ്ഞ നിരക്കിൽ കൂടുതൽ മെച്ചപ്പെട്ട സേവനം ആരു നൽകിയാലും പൊതുമേഖലയെന്നോ സ്വകാര്യ മേഖലയെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ സ്വീകരിക്കാനുള്ള വിവേകമാണ് ഇപ്പോൾ പൊതുവേ ജനം പുലർത്തുന്നത്. ജനത്തിന്റെ മനോഭാവം മാറുമ്പോൾ പഴയ നിയമങ്ങളും നിയന്ത്രണങ്ങളും മാറിയേ മതിയാവൂ. ഇതുൾക്കൊണ്ടാണ് കേന്ദ്രം പുതിയ വൈദ്യുതി ഭേദഗതിബിൽ കൊണ്ടുവന്നിരിക്കുന്നത്. ലോക്‌സഭ ബിൽ പാസാക്കുകയും ചെയ്തു. പൊതുപണമുപയോഗിച്ചു രൂപപ്പെടുത്തിയ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കൊടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിൽ വലിയ കഴമ്പില്ല. രാജ്യത്തെ എയർപോർട്ടുകൾ സർക്കാർ നിർമ്മിച്ചിട്ടുള്ളതാണ്. അവിടെ സ്വകാര്യ കമ്പനികളുടെ വിമാനമിറങ്ങാൻ അനുവദിക്കുന്നുണ്ട്. അതിനുള്ള ഫീസും വാങ്ങുന്നു. ഇതിന്റെ ആത്യന്തികമായ ഗുണം ലഭിക്കുന്നത് യാത്രക്കാരനാണ്. അതുപോലെ സ്വകാര്യ കമ്പനികൾക്ക് വൈദ്യുതിവിതരണ ശൃംഖല ഉപയോഗിക്കാൻ നൽകുന്നത് സൗജന്യമായിട്ടല്ലെന്നും അതിന് ചാർജ് ഈടാക്കുമെന്നും കേന്ദ്ര ഉൗർജ്ജമന്ത്രി ആർ.കെ. സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തോന്നിയ പടി വിലകൂട്ടാനും

സ്വകാര്യ കമ്പനികൾക്ക് കഴിയില്ല. സംസ്ഥാന റഗുലേറ്ററി അതോറിട്ടികളാണ് നിരക്കിന്റെ ഉയർന്ന പരിധിയും അടിസ്ഥാന പരിധിയും നിശ്ചയിക്കുന്നത്. അതിനാൽ ഇതിനിടയിൽ മാത്രമേ വില വ്യത്യാസം നടപ്പാക്കാനാവൂ. അങ്ങനെ നോക്കുമ്പോൾ,​ ആരാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതൽ കാര്യക്ഷമമായി വൈദ്യുതി നൽകുന്നതെന്ന് നിശ്ചയിച്ച് അവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും. വൈദ്യുതി ഭേദഗതി ബിൽ നിലവിലെ സബ്‌സിഡികൾ ഇല്ലാതാക്കുകയോ നിരക്ക് വർദ്ധനയിലേക്ക് നയിക്കുകയോ ചെയ്യില്ലെന്നാണ് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നത്. അതോടൊപ്പം ഓരോ വീട്ടിലും അവരവർക്ക് ആവശ്യമായ വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ഇടയാക്കുന്ന സൗരോർജ്ജം ഉൾപ്പെടെയുള്ള മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും വേണം. ഓണത്തിന് സംസ്ഥാനത്തെ കാൽലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതി ഈ പശ്ചാത്തലത്തിൽ അഭിനന്ദനീയമാണ്.