
തിരുവനന്തപുരം: മാൾ സംസ്കാരം കേരളത്തിൽ ചെറുകിട വ്യാപാരത്തെ തകർക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ വ്യാപാരി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യാപാരം തകർന്നതിനാൽ ഈ മേഖലയിലെ തൊഴിലില്ലായ്മ രൂക്ഷമാണ്. ജി.എസ്.ടി സമ്പ്രദായത്തിന്റെ ദോഷം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരാണെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ സ്കറിയ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനൻ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് അമരവിള സതികുമാരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കുര്യാത്തി ഷാജി, മണക്കാട് ജയൻ, ജഗതി വേണു, ശ്രീലാൽ കഴക്കൂട്ടം, ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സുഭാഷ് മോഹൻദാസ് എന്നിവർ പങ്കെടുത്തു.