
തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് മുലപ്പാലും പരിചരണവും ഉറപ്പാക്കാൻ സർക്കാർ ഓഫീസുകളിൽ വനിതാ ശിശുവികസന വകുപ്പ് സജ്ജമാക്കുന്ന ശിശുപരിപാലന കേന്ദ്രങ്ങളായ ക്രഷുകൾ ആദ്യഘട്ടത്തിൽ
ഏഴു ജില്ലകളിൽ. ആദ്യ ക്രഷിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പട്ടം പി.എസ്.സി ആസ്ഥാനത്ത് മന്ത്രി വീണാജോർജ് നിർവഹിക്കും. തിരുവനന്തപുരം കിൻഫ്ര കാമ്പസ്, വെള്ളായണി കാർഷിക സർവകലാശാല, ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കൽപറ്റ സിവിൽ സ്റ്റേഷൻ, കാസർകോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് മറ്റു ക്രഷുകൾ ആരംഭിക്കുന്നത്. സർക്കാർ,പൊതുമേഖലാ ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമായ തുക ജില്ല വനിത ശിശുവികസന ഓഫീസർമാർക്ക് ലഭ്യമാകും. നാഷണൽ ക്രഷ് സ്കീം അനുസരിച്ച് ശിശുക്ഷേമ സമിതി മുഖേനയാണ് പ്രവർത്തിക്കുക.
മറ്റൊരു വീട്
അമ്മമാർക്ക് കുഞ്ഞിനെ ക്രഷിൽ ഏൽപ്പിച്ച ശേഷം ജോലിയിൽ പ്രവേശിക്കാം. ഇടവേളകളിലെത്തി കുഞ്ഞുങ്ങളെ പരിചരിക്കാം. മുലപ്പാലും ഭക്ഷണവും മരുന്നും നൽകാനുള്ള സംവിധാനമുണ്ടാകും. കുഞ്ഞുങ്ങളെ നോക്കാൻ രണ്ടു ജീവനക്കാരെയും നിയോഗിക്കും.
'മുലപ്പാൽ കുട്ടികളുടെ അവകാശമാണ്. അതിനായി തൊഴിലിടങ്ങളിൽ സൗകര്യമൊരുക്കേണ്ടത് തൊഴിലുടമയുടെ കൂടി ഉത്തരവാദിത്വമാണ്. '
-വീണാ ജോർജ്
ആരോഗ്യമന്ത്രി
ക്രഷിലുള്ള സംവിധാനങ്ങൾ
ഫ്രിഡ്ജ്
വാഷിംഗ് മെഷീൻ
ഗ്യാസ് സ്റ്റൗ
ശിശു സൗഹൃദ ഫർണിച്ചർ
പാചകത്തിനുള്ള പാത്രങ്ങൾ
ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകൾ
ക്രാഡിൽസ്
ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ
മെത്ത, ബെഡ്ഷീറ്റ്,പായ
കളിപ്പാട്ടങ്ങൾ
ക്ലീനിംഗ് സാധനങ്ങൾ