ആര്യനാട്: ജനവാസ മേഖലയായ കൊക്കോട്ടേല-ഈഞ്ചപ്പുരി മൈലമൂട് പാറയിൽ അനധികൃത പാറഖനന നീക്കത്തിനെതിരെ പ്രതിഷേധവുമായി സംയുക്ത സമരസമിതി രംഗത്തെത്തി. ആര്യനാട് പഞ്ചായത്തിലെ ജനവാസ മേഖലയായ കൊക്കോട്ടേല മൈലമൂട് പ്രദേശത്താണ് പാറ സ്ഥിതിചെയ്യുന്നത്. 17 വർഷങ്ങൾക്ക് മുൻപേ ഈ പാറ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ജനകീയ പ്രക്ഷോഭം കാരണം പാറപൊട്ടിക്കൽ നടന്നില്ല. തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി ജനവാസമേഖലയിൽ പാറ പൊട്ടിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു.

ആഗസ്ത്യാർ വന്യജീവി സങ്കേതത്തിൽ നിന്നും അരകിലോമീറ്റർ ദൂരം മാറിയാണ് മൈലമൂട് പാറ സ്ഥിതിചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഈ പ്രദേശം പരിസ്ഥിതി ലോല പ്രദേശത്തിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ്.

പാറയുടെ ചുറ്റിലുമായി അൻപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. പാറപൊട്ടിക്കൽ തുടങ്ങിയാൽ ഈ കുടുംബങ്ങളുടെ കാര്യം ദുരിതത്തിലാകും. പ്രതിഷേധത്തിന്റെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കൊക്കോട്ടേല- ഈഞ്ചപ്പുരി വാർഡ് നിവാസികളെയും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ -സാസംസ്ക്കാരിക രംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടക്കും.