
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ മലയാളി കായിക താരങ്ങളെ മിൽമ ആദരിക്കും.
കോമൺവെൽത്ത് ഗെയിംസിലെ കേരള താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ മെഡൽ നേട്ടത്തെ മെച്ചപ്പെടുത്താൻ സഹായിച്ചതായി മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.രാജ്യത്തിന് അഭിമാനമായ കായികതാരങ്ങളെ ആദരിക്കുന്നതിനായി മിൽമ അനുമോദന ചടങ്ങ് സംഘടിപ്പിക്കുമെന്നും മെഡൽ ജേതാക്കളുടെ സൗകര്യമനുസരിച്ച് തീയതിയും സ്ഥലവും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രീസ ജോളി (ബാഡ്മിന്റൺ),എം.ശ്രീശങ്കർ (ലോംഗ് ജമ്പ്),എൽദോസ്‌പോൾ,അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്),പി.ആർ.ശ്രീജേഷ് (ഹോക്കി),ദീപിക പള്ളിക്കൽ (സ്‌ക്വാഷ്) എന്നിവരാണ് മെഡൽ നേടിയ മലയാളി താരങ്ങൾ.