
വർക്കല: ആനകളുടെ കർക്കടകത്തിലെ സുഖചികിത്സയ്ക്ക് വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ തുടക്കമായി. 2019ലെ ഗജറാണി പട്ടം ലഭിച്ച വർക്കല ക്ഷേത്രത്തിലെ സരസ്വതി എന്ന ആനയ്ക്കാണ് സുഖചികിത്സ.
ദേവസ്വം ബോർഡ് വെറ്ററിനറി ഡോ.ജയകുമാറിന്റെ നിർദ്ദേശപ്രകാരം ആനയുടെ ശരീരപുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ ചേർത്ത് തയ്യാറാക്കിയ ഔഷധക്കൂട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആശാ ബിന്ദു ആനയ്ക്ക് നൽകി.
സാധാരണ കൊടുക്കാറുള്ളതിനെക്കാൾ കൂടുതൽ ആഹാരം നൽകുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ് ചികിത്സയുടെ ഉദ്ദേശ്യം.
പ്രകൃതിദത്തമായ മരുന്നുകളും ആയുർവേദ ഔഷധക്കൂട്ടുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ദഹന വർദ്ധനയ്ക്ക് അഷ്ടചൂർണവും ഒപ്പം ചവനപ്രാശ്യം ലേഹ്യവും നൽകും. കരളിന്റെ പ്രവർത്തനം മെച്ചമാക്കാനുള്ള മരുന്നുകൾ, ലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ എന്നിവയും നൽകുന്നു. സാധാരണ നൽകാറുള്ള തെങ്ങോല, പനമ്പട്ട എന്നിവയ്ക്ക് പുറമെ അധിക അളവിൽ ചോറും നൽകും.
ചോളപൊടി, ചെറിയ ഉള്ളി, കൂരവ്, ചെറുപയർ, റാഗിപ്പൊടി, ഈത്തപ്പഴം, ഗോതമ്പ് പൊടി എന്നിവയും അങ്ങാടി മരുന്നുകൾക്കൊപ്പം ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് വെറ്ററിനറി ഡോ.ജയകുമാർ പറഞ്ഞു. ഒരു മാസക്കാലം ആനയ്ക്ക് പൂർണ വിശ്രമമാണ്. ദേവസ്വം ബോർഡ് സൂപ്രണ്ട് ആർ.ഹരിരാജ്, ആനയുടെ ഒന്നാം പാപ്പാൻ രാമചന്ദ്രൻ,രണ്ടാം പാപ്പാൻ സതീഷ് എന്നിവരും സുഖചികിത്സയ്ക്ക് നേതൃത്വം നൽകുന്നു.