general

ബാലരാമപുരം: കഴിഞ്ഞ 29 ന് ഇടക്കോണം കളത്രക്കാവ് ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരി (52)​യെ മൊട്ടമൂട് മണലുവിള ജംഗ്ഷനുസമീപം വച്ച് കാറിൽ തട്ടിക്കൊണ്ടുപോയി നാൽപ്പത് പവൻ കവർന്ന സംഭവത്തിൽ ഒരാൾ നരുവാമൂട് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് ട്രിച്ചി സ്വദേശി ഗണേശൻ (44)​ ആണ് പിടിയിലായത്. കടത്തിക്കൊണ്ടുപോയ കാറും പൊലീസ് കണ്ടെത്തി. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് മുഖ്യപ്രതിയെ പിടികൂടിയത്. സ്വർണ്ണം കൈക്കലാക്കിയശേഷം അക്രമിസംഘം പത്മകുമാരിയെ കാട്ടാക്കട കാപ്പുകാട്ട് ഇറക്കിവിട്ടിരുന്നു.

തമിഴ്നാട്ടിൽ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഗണേശൻ. ജി.വി പുരം പൊലീസ് സ്റ്റേഷനിൽ കൊലപാതകകേസിലും നെയ് വേലി,​ ധാരാപുരം തിരുപ്പൂർ,​ തിരുച്ചി പറങ്കിപ്പോട്ടെ,​ പുതുചത്രം സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി,​ മോഷണ കേസുകളിലും പ്രതിയാണ്. റൂറൽ എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം സി.ഐ ധനപാലൻ,​ എസ്.ഐ വിൻസെന്റ്,​ എസ്.ഐ അജീന്ദ്രകുമാർ,​ എ.എസ്.ഐ രാജേഷ് കുമാർ,​ എസ്.സി.പി.ഒ മാരായ രതീഷ്,​ ശോഭ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.