
വിഴിഞ്ഞം: വിഴിഞ്ഞം ആയുർവേദ ആശുപത്രിയിൽ എത്തിയാൽ കർക്കിടകകഞ്ഞി കുടിച്ച് മടങ്ങാം. തീരദേശത്തെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ പ്രബിഷയുടെ നേതൃത്വത്തിലാണ് കർക്കിടകകഞ്ഞി വിതരണം ചെയ്യുന്നത്. ഒൻപതോളം ആയുർവേദ പൊടികളും ഏഴിനം പച്ചില മരുന്നുകളുടെ നീരും ചേർത്താണ് കഞ്ഞി തയാറാക്കുന്നത്. നവര അരി, ഉലുവ, കരിംജീരകം തേങ്ങാപ്പാൽ നെയ്യ് എന്നിവ ചേർത്ത കഞ്ഞി കുടിക്കാൻ സ്ഥിരമായി എത്തുന്നവരുണ്ടെന്ന് ജീവനക്കാർ പറയുന്നു. ദിവസവും 150 ഓളം പേർക്കാണ് കഞ്ഞി നൽകുന്നത്. ആശുപത്രിയിൽ എത്തുന്നവർക്കും സമീപത്തെ നഗരസഭാ സോണൽ ഓഫീസ്, ട്രഷറി ജീവനക്കാർ എന്നിവർക്കും വിതരണം ചെയ്യുന്നുണ്ട്. ആശുപത്രി അറ്റൻഡർ സുമാ ദേവിയാണ് കഞ്ഞി തയാറാക്കുന്നത്. സഹായികളായി തെറാപ്പിസ്റ്റുകളായ ജയകുമാർ, സനൽ എന്നിവർ ഉണ്ട്. ഒപ്പം പിൻതുണയുമായി ഡോ. മൻസിയും. സുമാ ദേവിയുടെ വീട്ടിൽ നിന്നുമാണ് പച്ചിലകൾ കൊണ്ടുവരുന്നതും.
തീരദേശത്ത് ആവി കുളിയും തിരുമ് ചികിത്സയും നൽകുന്ന ഏക ഗവ ആയുർവേദ ആശുപത്രിയാണ് ഇവിടെ കിടത്തി ചികിത്സാ സൗകര്യം വേണമെന്ന് ആവശ്യമുയരുന്നുണ്ട്. വേണ്ടത്ര സ്ഥലമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിഹാരത്തിനായി പ്രൊപ്പോസൽ തയ്യാറാക്കി അനുമതിക്കായി കാത്തിരിക്കുകയാണ്.
ആശുപത്രിയിൽ എത്തുന്ന വിശിഷ്ട വ്യക്തികൾക്ക് ചായയ്ക്കു പകരം ചുക്കുകാപ്പിയാണ് നൽകുന്നത്. കർക്കിടക കഞ്ഞി നൽകുന്നത് വാർഡ് കൗൺസിലർ സമീറയുടെ അഭ്യർത്ഥനയിൽ നാട്ടുകാരായ ചിലർ വാങ്ങി നൽകിയ ഭക്ഷ്യവസ്തുക്കൾ കൊണ്ടാണെന്നും കൂടുതൽ പേർ സഹായവുമായി മുന്നോട്ട് വന്നാൽ കൂടുതൽ പേർക്ക് ഔഷധ കഞ്ഞിയും ചുക്കു കാപ്പിയും നൽകാൻ കഴിയുമെന്നും ഡോക്ടർ പ്രബിഷ പറയുന്നു.