തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട.കോളീജിയറ്റ് എഡ്യുക്കേഷൻ സൂപ്രണ്ട് മനോരമയെ കവർച്ചയ്‌ക്കിരയാക്കി കൊലപ്പെടുത്തിയ കേസിൽ ചെന്നൈയിൽ പിടിയിലായ ആദം അലിയുമായി (21) പൊലീസ് ഇന്ന് രാവിലെ തലസ്ഥാനത്തെത്തും. കേരള പൊലീസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്നാട് സ്‌പെഷ്യൽ പൊലീസ് ടീം കസ്റ്റഡിയിലെടുത്ത പ്രതിയെ സൈദാപേട്ട് മെട്രോപോളിറ്റൻ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് പ്രകാരമാണ് തലസ്ഥാനത്തെത്തിക്കുന്നത്.
കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആദമിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലും പ്രാഥമികമായ തെളിവെടുപ്പുകളും പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. കവർച്ചയും കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാടും പൊലീസും കേരളപൊലീസും നടത്തിയ പ്രാഥമിക ചോദ്യംചെയ്യലിൽ പരസ്‌പര വിരുദ്ധമായാണ് ഇയാൾ വിവരങ്ങൾ വെളിപ്പെടുത്തിയത്. തമിഴ്നാട് പൊലീസിനോട് കവർച്ചയെയും കൊലപാതകത്തെയും പറ്റി അറിയില്ലെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ കൃത്യത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ കാട്ടിയതോടെ ആദമിന് ഉത്തരമില്ലാതായി. കേരള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കവർച്ചയെപ്പറ്റി തനിക്ക് അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ കവർച്ച നടത്തിയതായി സമ്മതിച്ചു.
കവർച്ച ചെയ്‌ത ഏഴ് പവൻ ആഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് അത് ഒരുബാഗിൽ സൂക്ഷിച്ചിരുന്നെന്നും ബാഗ് ട്രെയിൻ യാത്രയിൽ നഷ്ടപ്പെട്ടെന്നുമാണ് വെളിപ്പെടുത്തിയത്. കാര്യങ്ങൾ മാറ്റിയും തിരിച്ചും പറഞ്ഞ് വഴിതെറ്റിക്കാനാണ് ആദം ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളിൽ വ്യക്തത വരുത്താമെന്നാണ് കരുതുന്നത്. മെഡിക്കൽ കോളേജ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തമിഴ്നാട്ടിൽ നിന്ന് ആദമിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം മോസ്‌ക് ലെയിൻ രക്ഷാപുരി റോഡ് മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) കൊല്ലപ്പെട്ടത്.