തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 20 വർഷം വരെ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിക്ക് പോകാനുണ്ടായിരുന്ന സൗകര്യം സർവ്വീസ് ചട്ടം ഭേദഗതി ചെയ്ത് സർക്കാർ എന്നന്നേക്കുമായി വെട്ടി. ഇതു സംബന്ധിച്ച് 2020 നവംബർ 5 നിറക്കിയ ഉത്തരവുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചട്ടം ഭേദഗതി ചെയ്ത് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്. കേരള സർവ്വീസ് ചട്ടത്തിലെ 24എ, ചട്ടം 6,10, അപ്പൻഡിക്സ് 12സി. ചട്ടങ്ങളാണ് ഭേദഗതി ചെയ്തത്. 20 വർഷം ആനുകൂല്യങ്ങളില്ലാതെ ലീവെടുക്കാനുള്ള സൗകര്യം ഇതോടെ അഞ്ചു വർഷമായി ചുരുങ്ങി. നിലവിൽ ദീർഘകാല അവധിയെടുത്ത് പോയവർ തിരിച്ച് സർവീസിൽ കയറിയില്ലെങ്കിൽ ജോലി നഷ്ടപ്പെടും. വിദേശനാണ്യം രാജ്യത്തേക്കെത്തിക്കുന്നതിനായി 1980കളിൽ ഉണ്ടാക്കിയതാണ് നീണ്ടകാല അവധി എടുക്കാമെന്ന കേരള സർവീസ് ചട്ടത്തിലെ വ്യവസ്ഥ. അത്തരം ഉദാരസമീപനത്തിന്റെ ആവശ്യമില്ലെന്ന് പിന്നീട് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടും കേരള സർവീസിൽ ആനുകൂല്യം തുടരുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതി തന്നെ നിരവധി തവണ ഉത്തരവും നിർദ്ദേശവും നൽകിയിരുന്നു.
അവധി ദുർവിനിയോഗത്തിന് അറുതി
ദീർഘകാലാവധിയെടുത്ത് വിദേശ രാജ്യങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
ജീവനക്കാരുടെ ദീർഘ അവധി സർക്കാർ സർവീസുകളെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അവധിയെടുത്ത് വിദേശത്തുപോയവർ വർഷങ്ങളോളം അവിടെ ജോലി ചെയ്ത് നന്നായി സമ്പാദിച്ച ശേഷം സർവീസ് കാലാവധി അവസാനിക്കാറാകുമ്പോൾ തിരിച്ചു ജോലിയിൽ കയറി പെൻഷനും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുകയും ചെയ്യും. ഇൗ ദുർവിനിയോഗമാണ് ചട്ടഭേദഗതിയിലൂടെ നിറുത്തലാക്കിയത്.