കുന്നത്തൂർ: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന കേസിലെ പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. വർക്കല സ്വദേശി പത്മകുമാറാണ് (60) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനക്കരയിലെ ഭാര്യവീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സ്‌റ്റേഷനിലെത്തിയത്. എന്നാൽ വീട്ടിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നു. ഇതേ തുടർന്ന് താൻ വിദേശത്ത് ജോലി ചെയ്ത ശമ്പളം കൊണ്ട് നിർമ്മിച്ച വീട്ടിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്മകുമാർ റൂറൽ എസ്.പിക്ക് പരാതി നൽകി. ഇന്നലെ രാവിലെ എസ്.പി ഓഫീസിലെത്തിയ പത്മകുമാറിനോട് ശാസ്താംകോട്ട സി.ഐയെ കാണാൻ നിർദ്ദേശിച്ചു. ശാസ്താംകോട്ടയിലെത്തിയ പത്മകുമാറിനോട് കോടതി വിലക്ക് നിലനിൽക്കുന്നതിനാൽ ഭാര്യവീട്ടിൽ കയറാൻ അനുവദിക്കില്ലെന്ന് സി.ഐ അറിയിച്ചു. തുടർന്നാണ് കൈയിൽ കരുതിയിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ച് കൈ ഞരമ്പ്‌ മുറിച്ചത്. പരിക്ക് ഗുരുതരമല്ല.