തിരുവനനന്തപുരം: ആദം അസാമിയോ ബംഗാളിയോ എന്ന കാര്യത്തിൽ പൊലീസിനും സംശയം തീരുന്നില്ല. അസാം, ബംഗാൾ അതിർത്തിയിലെ കുച്ച് ബീഹാറുകാരാണ് ആദം അലിയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളും. ആദമിന്റെ പക്കൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡിൽ പശ്ചിമബംഗാളെന്നാണ് സംസ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ഇയാൾ ബംഗാളിയാണെന്ന് കരുതാൻ കാരണം. എന്നാൽ ആധാറുൾപ്പെടെയുള്ള രേഖകൾ വ്യാജമായി ചമയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇതേപ്പറ്റി ആധികാരികമായി അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
പബ്ജി കളിക്കിടെ ഫോൺ ഹാങ്ങായി
എറിഞ്ഞുടച്ചു
പബ്ജി കളി ഹരമാക്കിയ ആദം കളിക്കിടെ ഹാങ്ങായതിന് ഒരുമാസം മുമ്പ് ഫോൺ നിലത്തെറിഞ്ഞുടച്ചു. കൊലപാതകശേഷം രക്ഷപ്പെട്ട ആദമിനെ കണ്ടെത്താൻ പൊലീസ് ഇയാളുടെ ഫോൺ നമ്പർ പരതിയപ്പോഴാണ് പബ്ജി ഭ്രാന്ത് അറിഞ്ഞത്. കളിക്കിടെ ഫോൺ നിരന്തരം ഹാങ് ആകുന്നതിൽ ദേഷ്യപ്പെട്ടിരുന്ന ആദം ഒരുമാസം മുമ്പ് താമസ സ്ഥലത്താണ് ഫോൺ നിലത്തടിച്ച് പൊട്ടിച്ചത്. ഇതിന്റെ സിം സുഹൃത്തുക്കളിലൊരാളെ ഏല്പിച്ചിരിക്കുകയായിരുന്നു. ഫോൺ നിരീക്ഷണത്തിലൂടെ ആദമിനെ പിടികൂടാൻ എളുപ്പമല്ലെന്ന് മനസിലാക്കിയാണ് രാത്രിതന്നെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.