തിരുവനന്തപുരം: എന്റെ പാട്ട് നിങ്ങൾ ഏറ്റെടുത്തതുകൊണ്ടാണ് എനിക്ക് അവാർഡ് കിട്ടിയത്. അതുകൊണ്ട് ഈ അവാർഡ് നിങ്ങളുടേയും കൂടിയാണ്... നഞ്ചമ്മയുടെ ഈ വാക്കുകളെ നിറഞ്ഞ കരഘോഷത്തോടെയാണ് അയ്യങ്കാളി ഹാളിൽ തിങ്ങിക്കൂടിയ സദസ് സ്വീകരിച്ചത്.
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷത്തിൽ ആദരവ് സ്വീകരിക്കുകയായിരുന്ന രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചമ്മ.
ആദിവാസി ഊരുകളിൽ പുറംലോകം കാണാത്ത കലാകാരികളും കലാകാരന്മാരും ധാരാളം ഉണ്ടെന്നും അവരുടെ കലാവാസനകൾ പുറം ലോകത്തെ അറിയിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നഞ്ചമ്മ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിലെ മുഖ്യ ആകർഷണം നഞ്ചമ്മയായിരുന്നു. വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രി നഞ്ചമ്മയോട് കുശലം പറഞ്ഞ ശേഷമാണ് ഇരുന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യും മുൻപ് നഞ്ചമ്മയെ ആദരിച്ചു.
ആദിവാസി വിഭാഗത്തിൽപ്പെട്ടവരായിരുന്നു സദസിൽ ഏറെയും. അവരോടൊക്കെ കുശലം പറയാനും ഒപ്പം പടമെടുക്കാനും നഞ്ചമ്മ തയ്യാറായി. പ്രസംഗത്തിനൊടുവിൽ അവാർഡിനർഹമായ അയ്യപ്പനും കോശിയും സിനിമയിലെ
''കളക്കാത്ത സന്ദനമേര വെഗു വേഗാ
പൂത്തിറിക്കൊ
പൂപ്പറിക്കാ പോഗിലാമോ വിമനേത
പാക്കിലാമോ..." എന്ന ഗാനം ആലപിച്ചു.