
ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ആനകൾക്ക് കർക്കിടക ചികിത്സ നൽകാൻ നടപടികളെടുക്കാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തം.
കാലാകാലങ്ങളിൽ ആനകളോട് ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന പരാതിയും വ്യാപകമാണ്. ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്ത് തുറസായ സ്ഥലത്താണ് ശാർക്കരയിലെ ആനകളെ തളച്ചിരുന്നത്. വർഷങ്ങൾ നീണ്ട പരാതിക്കും കാത്തിരിപ്പിനുമൊടുവിലാണ് ഭഗവതികൊട്ടാരത്തിന് സമീപം രണ്ട് ആനത്തറികൾ തീർത്തത്. നിർമാണ പണികൾ കഴിഞ്ഞെങ്കിലും ആനത്തറികളിൽ അപാകതകൾ ഉണ്ടായിരുന്നതിനാൽ അവ പരിഹരിക്കാനായി പിന്നെയും വർഷങ്ങൾ എടുത്തു. ഒടുവിൽ അവയൊക്കെ ഏറെക്കുറെ പരിഹരിച്ചെങ്കിലും അപാകതകളിൽ ചിലതൊക്കെ ഇപ്പോഴും നിലനിൽക്കുന്നു. ഇതുകാരണം ആനകളെ സ്ഥിരമായി ആനത്തറിയിൽ തളയ്ക്കുന്നില്ല. ശാർക്കരയിലെ ആനകൾക്ക് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിനായി കണ്ടെത്തിയ ഭഗവതി കൊട്ടാരത്തിന് സമീപം (പഴയ പൊലീസ് സ്റ്റേഷൻ) തൊണ്ടി മുതലായി പിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടപ്പുണ്ട്. ഇതുകാരണം കുറച്ച് ഭാഗത്ത് മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ സാധിച്ചുള്ളൂ. വാഹനാവശിഷ്ടങ്ങൾ മാറ്റണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല.
കർക്കിടക ചികിത്സ
ശാർക്കരയിലെ ചന്ദ്രശേഖരൻ, ആജ്ഞനേയൻ എന്നീ ആനകൾക്കാണ് ഇതുവരെയും കർക്കിടക ചികിത്സ ആരംഭിക്കാത്തത്. മുൻ കാലങ്ങളിൽ കർക്കിടകം ഒന്നിനാണ് ഈ ചികിത്സ ആരംഭിക്കുന്നത്. ആനകളുടെ ശരീരത്തിലുണ്ടാകുന്ന കേടുപാടുകൾ മാറി കൂടുതൽ ഊർജ്ജ സ്വലതയും ആരോഗ്യവും വീണ്ടെടുക്കുന്നതിനുവേണ്ടിയാണ് വർഷം തോറും കർക്കിടക ചികിത്സ നൽകുന്നത്.
സുഖ ചികിത്സ
ചോറ്, കരുപ്പട്ടി, കൂരവ്, ച്യവന പ്രാശം, ടോണിക്, ഗുളികകൾ മറ്റ് ആരോഗ്യ ഔഷധങ്ങൾ എന്നിവയെല്ലാമാണ് ചികിത്സയുടെ ഭാഗമായി ആനകൾക്ക് നൽകുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഈ ഔഷധക്കൂട്ട് ആനകൾക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ശാർക്കരയിലെ തല മുതിർന്ന ആനയായ ചന്ദ്രശേഖരന്. നിലവിൽ തന്നെ ഈ ആന പ്രായാധിക്യത്താലും മറ്റ് പല അസുഖങ്ങളാലും ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തിൽ നിലവിലുള്ള ചികിത്സാ രീതി കൂടി നടത്താതിരിക്കുന്നത് മിണ്ടാപ്രാണികളോടുളള അധികൃതരുടെ അവഗണനാ മനോഭാവമാണെന്ന് ആന പ്രേമികൾ ആരോപിക്കുന്നു.