
കിളിമാനൂർ: സംസാര ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ടായി സംസാരിക്കാൻ ഉപകരണം വികസിപ്പിച്ച് രണ്ടാം സ്ഥാനം നേടി കിളിമാനൂർ വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ്. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികൾ ദിവസവും ഉപയോഗിക്കുന്ന വാക്കുകൾ റെക്കാഡ് ചെയ്ത് യന്ത്രത്തിൽ സൂക്ഷിക്കും. പിന്നീട് ഇവ ഉപയോഗിച്ചു ആശയവിനിമയം നടത്താം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് ആൻഡ് കേരള ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്നാണ് ഉപകരണം നിർമ്മിച്ചത്.
സ്‌പെഷ്യൽ സ്കൂളിൽ ട്രയൽ നടത്തി വിജയിച്ച ശേഷമാണ് വിദ്യ ടീം സർവകലാശാലയിലേക്ക് വിശകലനത്തിനായി ഉപകരണം സമർപ്പിച്ചത്. കോളേജ് മാനേജ്‌മെന്റ് പ്രിൻസിപ്പൽ ഡോ. ടി. മാധവരാജ് രവികുമാർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. നീതുരാജ് .ആർ എന്നിവർ പിന്തുണ നൽകി. അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീജിത എസ്.ജി, ഡോൺ ശിവൻ,അശ്വതി വി.നായർ, ഇൻസ്ട്രക്ടർമാരായ ബ്രിജു വി.ജി, ചന്ദ്രമോഹൻ സി.ബി, അനിതകുമാരി .എസ്.ബി എന്നിവരുടെ നേതൃത്വത്തിൽ ആറാം സെമസ്റ്റർ ഇലക്ട്രോണിക് വിദ്യാർത്ഥികളായ സുബീഷ്, ജെറിൻ എന്നിവരാണ് യന്ത്രത്തിന്റെ അണിയറ ശില്പികൾ. സർവകലാശാലയുടെ പിന്തുണയോടെ യന്ത്രം ആവശ്യമുള്ള കൂടുതൽ വിദ്യാർത്ഥികളിലേക്ക് നിർമ്മിച്ച് നൽകാനുള്ള ധാരണാപത്രത്തിൽ കോളേജ് ഒപ്പുവച്ചു.
തിരുവനന്തപുരത്ത് നിഷിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ.ആർ. ബിന്ദു കോളേജിന് പുരസ്കാരം സമ്മാനിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, നിഷ് എക്സിക്യുട്ടീവ് ഡയറക്ടർ എം.അഞ്ജന, കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജമുന ബി., അഡ്വ.ഐ. സാജു എന്നിവർ പങ്കെടുത്തു.