kk

വർക്കല: കാട് കയറിയ നിലയിലായ കാപ്പിൽ റെയിൽവേ സ്റ്റേഷൻ പരിസരം റെയിൽവേ അധികൃതർ ശുചീകരിച്ചു തുടങ്ങി. ഏറെനാളായി സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും കാടുകയറിയത് നിമിത്തം യാത്രക്കാർക്കും പരിസരവാസികൾക്കും ഇതുവഴി സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ 7ന് വിനോദസഞ്ചാരികൾ എത്തുന്ന കാപ്പിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കാടുകയറിയെന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ്റെയിൽവേ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചത്. പാസഞ്ചർ -മെമു ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. ടൂറിസം കേന്ദ്രം ആയതിനാൽ ധാരാളം വിദേശികളും ഈ സ്റ്റേഷനെ ആശ്രയിച്ചു എത്തുന്നുണ്ട്. കാട്ടു ചെടികൾ പടർന്നുപന്തലിച്ച് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ വീതി പോലും കുറഞ്ഞതിനാൽ യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ പോലും കഴിഞ്ഞിരുന്നില്ല. ജന്തുക്കളുടെ ശല്യം വർദ്ധിച്ചതോടെ പരിസരവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാർത്ത വന്നതോടെ റെയിൽവേയുടെ പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റേഷൻ പരിസരം പരിശോധിക്കുകയും തുടർന്ന് ശുചീകരണം നടത്തുവാൻ നിർദേശം നൽകുകയുമായിരുന്നു.