optometry

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്‌സി ഒപ്‌റ്റോമെട്രി വിദ്യാർത്ഥികൾ കണ്ണാശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 9ഓടെ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർത്ഥികളെ ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാർത്ഥി പ്രതിനിധികളെ ആശുപത്രി അധികൃതർ ചർച്ചയ്ക്ക് വിളിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.

മറ്റ് കോഴ്സുകൾക്ക് സമാനമായി ബി.എസ്‌സി ഒപ്‌റ്റോമെട്രി കോഴ്സ് നടത്തിപ്പിനാവശ്യമായ എല്ലാ സൗകര്യങ്ങളും നടപ്പിലാക്കുക,​ ആനുവൽ ഫണ്ട് രൂപീകരിക്കുക സ്‌കൂൾ ഒഫ് ഒപ്‌റ്റോമെട്രി ക്കായി പ്രത്യേകം കെട്ടിടം,ഹോസ്റ്റൽ, മതിയായ വാഷ് റൂം സൗകര്യം ഒരുക്കുക,​ ഒപ്‌റ്റോമെട്രി അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും അടിയന്തര ആവശ്യങ്ങളിൽ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.78 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും ടോയ്‌‌ലെറ്റുകൾ പോലുമില്ലാത്ത സ്ഥിതിയാണെന്ന് വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് സമരം അവസാനിപ്പിക്കുകയാണെന്നും അത് പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരം ചെയ്യുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.