kp

തിരുവനന്തപുരം: നാടകത്തെ മറന്ന് സാംസ്‌കാരിക മുന്നേറ്റം സാദ്ധ്യമല്ലെന്ന് സംവിധായകൻ കെ.പി. കുമാരൻ പറഞ്ഞു.നാടക പ്രവർത്തകരുടെ സംഘടനയായ 'നാടകി'ന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം സ്റ്റുഡന്റ്സ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് സിനിമയും സിനിമ അഭിനേതാക്കളും കടന്നുവന്നത്. പിൽക്കാലത്ത് സിനിമ നാടകത്തെ തള്ളിപ്പറയുന്ന അവസ്ഥ എന്തുകൊണ്ട് ഉണ്ടായി എന്നറിയില്ല. ഞാൻ നാടകങ്ങൾ സിനിമയാക്കിയ സംവിധായകനാണ്. തുടക്കം നാടകത്തിൽ നിന്നുതന്നെയാണ്. അന്നും ഇന്നും നാടകത്തെ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'നാടക് ' സംസ്ഥാന പ്രസിഡന്റ് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജെ. ശൈലജ, ജില്ലാ സെക്രട്ടറി ജോസ് പി.റാഫേൽ, പ്രസിഡന്റ് വിജു വർമ്മ തുടങ്ങിയവർ സംസാരിച്ചു. നവംബർ 25, 26, 27 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു,ജി.ആർ.അനിൽ,മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ.എം.പി എന്നിവർ രക്ഷാധികാരികളായുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.
വി.കെ.പ്രശാന്ത് എം.എൽ.എ ചെയർമാനും ജെ.ശൈലജ ജനറൽ കൺവീനറുമായുള്ള കമ്മിറ്റിയിൽ വൈസ് ചെയർപേഴ്സണായി പി.രഘുനാഥൻ,സുജ സൂസൻ ജോർജ്,മീരാ സാഹിബ്,എം.ആർ. ഗോപകുമാർ,വേണു,ജമീല പ്രകാശം എന്നിവരെയും സബ് കമ്മിറ്റി ചെയർപേഴ്സൺമാരായി കരമന ഹരി,സാബു കോട്ടുക്കൾ,വേണു,പാളയം രാജൻ,ശ്രീകാന്ത് കാമിയോ എന്നിവരെയും തിരഞ്ഞെടുത്തു.