തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധ മാർച്ച് വൈകിപ്പിച്ചത് സർക്കാരും പൊലീസുമെന്ന് ആക്ഷേപം. പ്രതിഷേധക്കാരുടെ മത്സ്യബന്ധന വള്ളങ്ങൾ ഈഞ്ചയ്‌ക്കലിൽ വച്ച് പൊലീസ് തടയുകയും മത്സ്യത്തൊഴിലാളികൾ ബൈപ്പാസ് ഉപരോധിക്കുകയും ചെയ്‌തു.
ഇതോടെ 11ന് നടക്കേണ്ട മാർച്ച് രണ്ട് മണിക്കൂറോളമാണ് വൈകിയത്.
പൂന്തുറ ഭാഗത്തുനിന്നുവന്ന 15 വള്ളങ്ങളും അവ കൊണ്ടുവന്ന വാഹനങ്ങളുമാണ് പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ഈഞ്ചയ്‌ക്കലിൽ തടഞ്ഞത്. എ.സി.പി പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ, വഞ്ചിയൂർ, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസ് സംഘമാണ് പ്രതിഷേധക്കാരെ തടഞ്ഞത്. പ്രകോപനമൊന്നുമില്ലാതെ പൊലീസ് വള്ളങ്ങൾ തടഞ്ഞത് സമരത്തെ തകർക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വലിയതുറ, ചെറിയതുറ, കൊച്ചുതോപ്പ് ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരെ ഈഞ്ചയ്‌ക്കൽ വഴിപോകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും ചാക്ക വഴിയാണ് അവർ പോയത്. ഇവരെ ചാക്ക ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. കണ്ണാശുപത്രി - ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷനിലും പൊലീസ് പ്രതിഷേധക്കാരെ ഏറെനേരം തടഞ്ഞുവച്ചു.