തിരുവനന്തപുരം: തീരദേശവാസികളെ സംബന്ധിച്ച് നിലനില്പിനായുള്ള ധർമ്മ സമരമാണിതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ എമിരറ്റസ് ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പറഞ്ഞു. തുറമുഖത്തിന്റേത് അശാസ്ത്രീയമായ നിർമ്മാണമാണെന്ന് ബോദ്ധ്യമായിട്ടും അധികാരികൾ കണ്ണടയ്‌ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാളിച്ചയുണ്ടായാൽ തീരദേശവാസികളെ പുനരധിവസിപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 475 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം നടപ്പാക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണ്. തുറമുഖ നിർമ്മാണത്തിന് ആവശ്യം പോലെ കരിങ്കല്ല് ലഭിക്കുന്നുണ്ട്. എന്നാൽ കടൽഭിത്തി നിർമ്മിക്കാൻ കല്ലു കിട്ടാനില്ലെന്ന ന്യായം പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലിരിക്കുന്നവർ മുടന്തൻ ന്യായങ്ങളാണ് പറയുന്നതെന്നും ഇനിയും മിണ്ടാതിരുന്നാൽ തീരവും തീരദേശവാസികളും തുടച്ചുനീക്കപ്പെടുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ വ്യക്തമാക്കി. സമാധാനപരമായും മുൻകൂട്ടി അറിയിച്ചും സമരം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളെ തടഞ്ഞും ബുദ്ധിമുട്ടിച്ചും സമരം പൊളിക്കാനാണ് സർക്കാർ ശ്രമിച്ചത്. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ആവശ്യങ്ങളുമായി മുന്നിലെത്തുമ്പോൾ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികൾ മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹായമെത്രാൻ ആർ. ക്രിസ്തുദാസ്, സമരസമിതി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച്. പെരേര,മോൺ സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.