പോത്തൻകോട്:ദേശീയപാതയ്ക്കരികിൽ തോന്നയ്ക്കൽ ആശാൻ സ്മാരകത്തോട് ചേർന്ന് 125 വർഷത്തോളം തണലേകിയ മുത്തശ്ശി മാവിന് നാട്ടുകാർ നൽകിയ ആദരവ് വേറിട്ട കാഴ്ചയായി.കഴിഞ്ഞ ദിവസം രാവിലെ മാവിൻചോട്ടിൽ നടന്ന പുഷ്പാർച്ചനയിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. മുത്തശ്ശി മാവിന് പൊന്നാട ചാർത്തി അനുഭവങ്ങളും ഓർമ്മകളും പങ്കുവച്ചു. വൃക്ഷത്തൈകളുടെ വിതരണവും ആദരസൂചകമായി കവിയരങ്ങും ചിത്രരചനയും സംഘടിപ്പിച്ചു. ചെമ്പകമംഗലം പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരവ് ഒരുക്കിയത്.1917ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി സ്മാരകമായി മഹാരാജാവ് നാട്ടിൽ സ്ഥാപിച്ച ചുമടുതാങ്ങികളിലൊന്ന് ഈ മാവിൻചോട്ടിലായിരുന്നു. ചേർത്തല - കഴക്കൂട്ടം ദേശീയപാത വികസനത്തിന് വേണ്ടിയാണ് മുത്തശ്ശി മാവും ചുമടുതാങ്ങിയും ഇല്ലാതാകുന്നത്. ചുമടുതാങ്ങി മറ്റൊരിടത്തേക്ക് മാറ്രി സ്ഥാപിക്കുന്നുണ്ട്.സാംസ്കാരിക സമ്മേളനം കവി പ്രൊഫ. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടിന് പ്രശസ്ത ചുമർചിത്രകാരൻ പ്രിൻസ് തോന്നയ്ക്കൽ തത്സമയ പ്രകൃതി ചിത്രാവിഷ്കാരവും നടത്തി.