police

നീതിപൂർവമായി പ്രവർത്തിക്കുന്ന ഒരു പൊലീസ് സേനയുണ്ടെങ്കിൽ ഏത് സംസ്ഥാനത്തും അക്രമങ്ങളും അന്തച്ഛിദ്രങ്ങളും കുറയും. കേരള പൊലീസിനെക്കുറിച്ച് ഒരുകാലത്ത് വലിയ മതിപ്പായിരുന്നു. അതിനെ മാതൃകയാക്കി പ്രവർത്തിക്കാൻ മറ്റ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശവും ലഭിച്ചിരുന്നു. എന്നാൽ ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നു. നിയമവും നീതിയും മാറ്റിവച്ച് മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണോ നമ്മുടെ സേനയെന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങൾ അടിയ്ക്കടി ഉണ്ടാകുന്നുണ്ട്. ഇതിനൊറരുതി വരുത്താൻ ആദ്യം ചെയ്യേണ്ടത് ഡി.ജി.പി ആയി നിയമിക്കേണ്ടത് അഖിലേന്ത്യാതലത്തിൽ പ്രാഗത്ഭ്യവും മികവും തെളിയിച്ചിട്ടുള്ള ഒരു സീനിയർ ഐ.പി.എസ് ഓഫീസറെ തന്നെയാകണം. കാലാവധി കുറഞ്ഞത് രണ്ടുവർഷമായി നിജപ്പെടുത്തണം. ഇത് ഒരു പരിധിവരെ രാഷ്ട്രീയ സ്വാധീനം ഒഴിവാക്കാൻ സഹായിക്കും.

സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിലും കാതലായ മാറ്റങ്ങൾ വരുത്തണം. പ്രായപരിധിയിൽ ഇളവുനൽകി ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കൂടുതലായി നിയമിക്കണം. അവർക്ക് മികച്ച പരിശീലനത്തിന് പുറമേ ഇടയ്ക്കിടെ റിഫ്രഷർ കോഴ്സും നടത്തണം. അതിൽ പൊലീസ് നിയമങ്ങൾക്കു പുറമേ പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ക്ളാസുകളും നല്കണം. പൊലീസ് സ്റ്റേഷനുകൾ നവീകരിക്കുകയും, ആകർഷകമാക്കുകയും വേണം. ഉയർന്ന ഉദ്യോഗസ്ഥർ കൂടക്കൂടെ സ്റ്റേഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം. തെറ്റുകളും ന്യൂനതകളും ചൂണ്ടിക്കാണിച്ച് പരിഹരിക്കാൻ നടപടികളുമെടുക്കണം.

ചില പൊലീസ് സേനാംഗങ്ങൾ സാമ്പത്തികലാഭത്തിനു വേണ്ടി സ്റ്റേഷൻ പരിധിയിലുള്ള കള്ളക്കടത്തുകാരും ഗുണ്ടകളുമായി ചങ്ങാത്തം പുലർത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഒരു വിധത്തിലും അനുവദിച്ചുകൂടാ. സീനിയർ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നു മാത്രമല്ല അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെ‌ടാതിരിക്കാനും സേനാംഗങ്ങൾക്ക് ഡിപ്പാർട്ടുമെന്റിനോട് സ്നേഹവും മമതയും കൂറും ഉണ്ടാകുന്നതിനുള്ള നടപടികളെടുക്കുകയും വേണം. ഉന്നത ഉദ്യോഗസ്ഥർ താഴെയുള്ളവർക്ക് മാതൃകയാവണം.

ഇവർ താഴെയുള്ള സേനാംഗങ്ങളുമായി കൃത്യമായ ഇടവേളകളിൽ സംവദിക്കുന്നത് നന്നായിരിക്കും. കർത്തവ്യബോധമുള്ള, വസ്തുനിഷ്ഠവും പോസിറ്റീവായും ചിന്തിച്ച് പ്രവർത്തിക്കുന്ന ഒരു പൊലീസ് സേനയെ വാർത്തെടുക്കാൻ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും ഭരണാധികാരികളും ഒത്തുചേർന്ന് പ്രവർത്തിക്കുക.

(ലേഖകൻ മുൻ അഡിഷണൽ ലേബർ കമ്മിഷണറും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌മെന്റിന്റെ രക്ഷാധികാരിയുമാണ്)