
തിരുവനന്തപുരം: അർഹതയുള്ള വിദ്യാർത്ഥികൾക്കെല്ലാം പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
പ്ളസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിലെ പിഴവു കാരണം അയ്യായിരത്തിലേറെ വിദ്യാർത്ഥികൾക്ക് സംവരണം നഷ്ടമാകുമെന്ന് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അർഹരായവർക്ക് സീറ്റ് നഷ്ടമാകില്ലെന്ന് മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയത്.
പ്ളസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ആദ്യ അലോട്ട്‌മെന്റ് ലഭിച്ച 238150 ൽ 2,13, 532 പേർ പ്രവേശനം നേടി. സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്. 23285 പേർക്ക് പ്രവേശനം ലഭിച്ചിട്ടില്ല. അപേക്ഷയിലെ പിഴവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ കുറച്ച് പേരുടെ അലോട്ട്‌മെന്റ് റദ്ദായി.
സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയ 2874 ൽ 1599 പേർ സ്ഥിരവും 596 പേർ താത്കാലിക പ്രവേശനവുമാണ് നേടിയത്. സ്‌പോർട്സ് ക്വോട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ച 676 പേർ പ്രവേശനം നേടിയില്ല. മൂന്ന് പേർക്ക് പ്രവേശനം നിരസിച്ചു.
രണ്ടാംഘട്ട അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളിൽ പ്രവേശനം നടക്കും. മുഖ്യഘട്ട അവസാന അലോട്ട്‌മെന്റ് 22നും 23, 24 തീയതികളിലായി പ്രവേശനവും പൂർത്തിയാക്കും. 25ന് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കും.