നെയ്യാറ്റിൻകര: അവസാനശ്വാസം വരെ തികഞ്ഞ പൊതുപ്രവർത്തകനായിരുന്നു മുൻമന്ത്രി ആർ. സുന്ദരേശൻ നായർ. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ സ്ഥാപകനും മാർഗനിർദ്ദേശകനും അദ്ദേഹമായിരുന്നു. അഡ്വ. എസ്.ആർ തങ്കരാജ്, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ആർ. സുന്ദരേശൻ നായർ എന്നിവർ ചേർന്നായിരുന്നു സമിതി രൂപീകരിച്ചത്. ഇതിനായി പൊതുജനങ്ങളിൽ നിന്ന് ഒരു ലക്ഷം ഒപ്പ് ശേഖരിച്ച് ഈ മാസം 30ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നൽകാനിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം.
ഗാന്ധിയൻ പി. ഗോപിനാഥൻനായർ അനുസ്മരണത്തിനാണ് അദ്ദേഹം നെയ്യാറ്റിൻകരയിൽ അവസാനമായി എത്തിയത്. നെയ്യാറ്റിൻകര ജില്ല എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനും അത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും അദ്ദേഹത്തിനും കഴിഞ്ഞതായി നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ഭാരവാഹികൾ അനുസ്‌മരിച്ചു. അദ്ദേഹം ആരോഗ്യം ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് ഇപ്പോഴത്തെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് പുതിയതായി കെട്ടിടം നിർമ്മിക്കാനുളള പദ്ധതിക്ക് അനുമതിയായത്.
ഇരുമ്പിൽ നെടുവിളവീട്ടിൽ എം. രാഘവൻ നായരുടെയും കമലമ്മയുടെയും മകനായ ആർ. സുന്ദരേശൻ നായർ എൻ.എസ്.എസിലൂടെയാണ് പൊതുരംഗത്തിറങ്ങിയത്. തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനം വിക്ടറിയുടെ ഉടമയും അദ്ധ്യാപകനുമായിരുന്നു. ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിച്ചു മുന്നേറാൻ വേണ്ടിയായിരുന്നു ഈ സ്ഥാപനം തുടങ്ങിയത്.
എൻ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായ എൻ.ഡി.പിയുടെ സ്ഥാനാർത്ഥിയായി നെയ്യാറ്റിൻകരയിൽ നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ അദ്ദേഹം എൻ.ഡി.പി ജനറൽ സെക്രട്ടറിയുമായിരുന്നു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ വരെ കരുണാകരൻ മന്ത്രിസഭയിലെ ആരോഗ്യ, ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്നു. 1977, 1980 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എതിരാളിയായിരുന്ന ആർ. പരമേശ്വൻ നായരെ 5,694 വോട്ടിനും 9,644 വോട്ടിനും തോൽപ്പിച്ചു. 1982ൽ ജനതാപാർട്ടിയിലെ എസ്.ആർ. തങ്കരാജിനോടു പരാജയപ്പെട്ടു. പി.എസ്.സി അംഗമായും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവർത്തിച്ചു.