1

പൂവാർ: അരുമാനൂരിൽ പൈപ്പ്പൊട്ടൽ വ്യാപകമായതോടെ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. തീരദേശ ഗ്രാമപഞ്ചായത്തായ പൂവാറിലെ അരുമാനൂർ പട്യക്കാല, പരണിയം, കാലായിത്തോട്ടം, അരശുംമൂട്, കഞ്ചാംപഴിഞ്ഞി, ചെക്കടി, പൂവാർ ബണ്ട് തുടങ്ങിയ വാർഡുകളിലാണ് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് സാദാരണ ഗതിയിൽ പൈപ്പിൽ വെള്ളമെത്തുന്നത്. പൈപ്പ് പൊട്ടിയാൽ പിന്നെ പത്തും പന്ത്രണ്ടും ദിവസം കഴിഞ്ഞാലെ വെള്ളമെത്തുകയുള്ളു. പൊട്ടിയ ഭാഗം അടയ്ക്കുന്നതു വരെ കുടിവെള്ളം ദൂരെസ്ഥലങ്ങളിൽ നിന്നും ശേഖരിക്കുകയാണ് പതിവ്. ഇക്കാലയളവിൽ വെള്ളം വില കൊടുത്തു വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. പാത്രങ്ങളിൽ ശേഖരിച്ചുവച്ച് ആഴ്ചകളോളം വെള്ളം ഉപയോഗിക്കുന്നത് പ്രദേശത്ത് പതിവ് കാഴ്ചയാണ്. ഇതിന് മുടക്കം വന്നാൽ കാര്യങ്ങൾ അവതാളത്തിലാകും.

നെയ്യാറിൻ തീരത്തെ അരുമാനൂർ പ്രദേശം ജലസമൃദ്ധമാണ്. കൊടും വേനലിലും വറ്റാത്ത നിരവധി കുളങ്ങൾ പ്രദേശത്തുണ്ട്. ചകിരിയാർ, മുട്ടയാർ എന്നിവയും പ്രദേശത്തെ തഴുകി കടന്ന് പോവുകയാണ്. ഇത്രയും ജല സാന്നിദ്ധ്യമുള്ള ഒരു പ്രദേശം സമീപത്ത് എങ്ങുമില്ല. എന്നിട്ടും കുടിവെള്ളത്തിനായി പരക്കം പായേണ്ട ഗതികേടിലാണ് നാട്ടുകാർ.

പൂവാർ ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികൾ പയന്തി, കുന്നുമല കുടിവെള്ള പദ്ധതികളും കരിച്ചൽ പമ്പ് ഹൗസ്, കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയാണ്.

പയന്തി കുടിവെള്ള പദ്ധതി: 2005 ൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. ഒരു കിണറിൽ നിന്നും ശേഖരിക്കുന്ന വെള്ളം പമ്പ് ചെയ്താണ് ഉപയോഗിച്ചു വരുന്നത്. ഒരു ചെറിയ പ്രദേശത്തെ 20 ഓളം വീടുകൾക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം.

കുന്നുമല കുടിവെള്ള പദ്ധതി: ബണ്ട് റോഡിലെ തെറ്റിക്കാട് 2020ലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 60 ഓളം വീടുകളിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം.30.5 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പദ്ധതി 6 മാസം പോലും പ്രാവർത്തികമായില്ല.

കരിച്ചൽ പമ്പ് ഹൗസ്: 6 മോട്ടറുകൾ പ്രവർത്തന രഹിതമാണ്. കരുംകുളം പൂവാർ പഞ്ചായത്തുകളുടെ തീരപ്രദേശം ഉൾപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ ഇവിടെ നിന്നുമാണ് വെള്ളം എത്തുന്നത്. അതും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം. ആകെ ആശ്രയം കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് മാത്രമാണ്.

2018-ൽ തിരുപുറത്തെ കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചപ്പോൾ തീരദേശവാസികൾ ആശ്വാസം കൊണ്ടു. കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നത് ഇവിടെ നിന്നുമാണ്. കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിൽ എത്തിക്കാൻ നടത്തിയ ശ്രമം ആദ്യഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. പഴക്കമേറിയതും, വലിപ്പക്കുറവുള്ളതുമായ പൈപ്പുകളാണ് നിലവിലുള്ളത്. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെ പൈപ്പുകൾ പൊട്ടാൻ തുടങ്ങി. മണ്ണിനടിയിലുള്ള കാലപ്പഴക്കമേറിയതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയാണ് പ്രശ്ന പരിഹാരത്തിന് ശാശ്വതമാർഗ്ഗം.