
പാലോട്: ഇലവുപാലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്കേറ്റു. പാലോട് ഇലവുപാലം ആയിരവല്ലി ക്കരിക്കകം സ്വദേശി രവിയെയാണ് (60) കാട്ടുപന്നി ആക്രമിച്ചത്.കഴിഞ്ഞ ദിവസം രാവിലെ 6 ഓടെയായിരുന്നു സംഭവം.
വീട്ടിൽ നിന്ന് ചായ കുടിക്കാനായി മാധവൻകരിക്കകം എന്ന സ്ഥലത്തെ കടയിലേക്ക് രവി പോകവേയായിരുന്നു ആക്രമണം. വിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രവിയുടെ ശരീരത്തിന് പുറത്ത് പന്നി കയറി കിടക്കുന്നതാണ് കണ്ടത്. ഉടൻ നാട്ടുകാർ പന്നിയെ ഓടിച്ച് രവിയെ രക്ഷപ്പെടുത്തി.
ദേഹമാസകലം കുത്തിക്കീറിയ നിലയിലായിരുന്നു. രവിയുടെ ഒരു വിരലും മുറിഞ്ഞുപോയിട്ടുണ്ട്.
നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ചിപ്പൻചിറ സംസ്ഥാന പാത രണ്ട് തിരുവനന്തപുരം - ചെങ്കോട്ട പാതയ്ക്ക് സമീപത്തെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷിയിടങ്ങളിൽ താണ്ഡവമാടിയതിന്റെ നടുക്കം മാറുന്നതിന് മുൻപേയാണ് ഇപ്പോൾ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.വന്യജീവി ശല്യം ഇല്ലാതാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികാരികളുടെ മെല്ലെപോക്ക് തുടരുകയാണ്.