തിരുവനന്തപുരം: മുസ്ലിം ലീഗിൽ നിന്ന് അവഗണനയും അപമാനവും നേരിട്ടതിനാൽ പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേരുകയാണെന്ന് വെമ്പായം നസീർ പറഞ്ഞു. 10 വർഷമായി മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന തന്നെ മുസ്ളിം ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞെന്നും നസീർ പറഞ്ഞു,

കഴക്കൂട്ടം ആറ്റിപ്രയിലെ പൊതുയോഗത്തിനിടെ ഹരിത പതാക നെഞ്ചോട് ചേർത്തുപിടിച്ച തന്നെ ലീഗ് പ്രവർത്തകനല്ലെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് നടന്നത്. 18ന് നടക്കുന്ന ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബിൽ നിന്ന് അംഗത്വം സ്വീകരിക്കുമെന്നും വെമ്പായം നസീർ വ്യക്തമാക്കി. ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ബഷറുള്ള, എ.എൽ.എം ഖാസിം, നജ്മുന്നിസ, ബീമാപള്ളി ഹിദായത്ത്, കലാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.