തിരുവനന്തപുരം : മൂന്നുമാസം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ആഗോള ആരോഗ്യ വിദഗ്ദ്ധരുടെ സമ്മേളനം 26 മുതൽ 28 വരെ നടക്കും. മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി അലുമ്‌നി ഒാഡിറ്റോറിയത്തിൽ 26ന് വൈകിട്ട് 5ന് ന്മു ഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.
ത്രിദിന സമ്മേളനത്തിൽ ആരോഗ്യ മേഖലയിലെ മാറ്റങ്ങൾ, നിലവിലെ പ്രവണതകൾ, വെല്ലുവിളികൾ എന്നിവയെ ആസ്പദമാക്കി ആരോഗ്യ വിദഗ്ദ്ധർ സംസാരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് വൈറോളജിയും ഇമ്യൂണോളജിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ വൈറോളജി വിദഗ്ദ്ധൻ പ്രൊഫ.റോബർട് ഗാലോ മുഖ്യപ്രഭാഷണം നടത്തും. ഡോ.സി.എസ്.പിച്ചുമണി പ്ലാറ്റിനം ജൂബിലി പ്രഭാഷണം നിർവഹിക്കും. 28ന് സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും. സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര സംസാരിക്കും. പൂർവവിദ്യാർത്ഥി ഡോ.രവീന്ദ്രനാഥൻ 80ലക്ഷം മുടക്കി നിർമ്മിച്ച നോളജന്റ് സെന്റർ ആർ.സി.സി, സി.ഡി.സി, മെഡിക്കൽ കോളേജ്, എസ്.എ.ടി, ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിത്സക്കായി എത്തുന്ന കുട്ടികൾക്ക് ചികിത്സാ നിർദേശങ്ങളും സാമ്പത്തിക സഹായവും നൽകുന്ന തളിരുകൾ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കലാകേശവൻ, സംഘാടക സമിതി ചെയർമാൻ ഡോ.സി ജോൺ പണിക്കർ, ഡോ.രാജ്‌മോഹൻ, ഡോ.ഹർഷകുമാർ, ഡോ.സുൽഫി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.