വിഴിഞ്ഞം: ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ടിൽ കാർഷിക സർവകലാശാല ജീവനക്കാർ പ്രതിഷേധിച്ചു. സ്വകാര്യ കോളേജുകൾക്ക് യഥേഷ്ടം അനുവാദം നൽകുന്ന, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കിക്കൊണ്ടുള്ള റിപ്പോർട്ടിനെതിരെയാണ് വെള്ളായണി കാർഷിക കോളേജിലെ ജീവനക്കാർ പ്രതിഷേധിച്ചത്. മെഡിസെപ്പ് പദ്ധതി കൊണ്ട് ജീവനക്കാർക്ക് ഉപകാരമില്ലെന്നും ഉപകാരപ്പെടുന്ന രീതിയിൽ പദ്ധതി പുനക്രമീകരിക്കണമെന്നും, നാഷണൽ പെൻഷൻ സ്കീം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കാൻ സർക്കാർ ആർജ്ജവം കാട്ടണമെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം പ്രൊഫ. തോമസ് ജോർജ് ആവശ്യപ്പെട്ടു.

സറണ്ടറും ഡി.എയും മറ്റ് ആനുകൂല്യങ്ങളും രണ്ടുവർഷമായി ജീവനക്കാർക്ക് ലഭിക്കുന്നില്ല. കാർഷിക സർവകലാശാലയിൽ പെൻഷൻകാർക്ക് ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോൺ കോശി ആവശ്യപ്പെട്ടു. അഖിൽ ടി.കെ, ടി. ബിജു, ആനന്ദ്, അൻസാ മോൾ എന്നിവർ സംസാരിച്ചു.