വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി തുറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊൻമുടി വനമേഖലയിൽ ശക്തമായ മഴപെയ്യുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തതോടെ കലക്ടറുടെ നിർദ്ദേശപ്രകാരം ജൂലായ് 31ന് വനപാലകർ പൊൻമുടി അടച്ചത്. പൊൻമുടി അടഞ്ഞുകിടക്കുവാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. പൊൻമുടിക്കൊപ്പം അടച്ച കല്ലാർ മീൻമുട്ടി ഇക്കോടൂറിസവും മങ്കയവും ഇന്നലെ മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇവിടങ്ങളിൽ ഇന്നലെ സഞ്ചാരികളുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. നേരത്തെ പൊൻമുടിയിൽ സഞ്ചാരികളുടെ വൻ പ്രവാഹമായിരുന്നു. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായി. പൊൻമുടിക്ക് പുറമേ കല്ലാർമീൻമുട്ടി, ബോണക്കാട്, പേപ്പാറ,​ ചാത്തൻകോട് എന്നീ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു.

സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ വിതുര, തൊളിക്കോട് മേഖലയിലെ വ്യാപാരമേഖലയും സജീവമായി. പെട്ടികടകളിൽ മുതൽ ഹോട്ടലുകളിൽ വരെ നല്ലരീതിയിൽ കച്ചവടവും നടന്നിരുന്നു. എന്നാൽ പൊൻമുടി അടച്ചതോടെ സ്ഥിതിഗതികൾ പാടേ മാറിമറിഞ്ഞു. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസം മേഖലകൾ ആളും ആരവവുമില്ലാതെ നിശ്ചലമായി. കച്ചവടക്കാർ പ്രതിസന്ധിയിലുമായി.

പൊൻമുടിയിലിപ്പോൾ സുഖശീതളമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതി സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരും, മൂടൽമഞ്ഞും, മഴയും, കുളിർകാറ്റും, തണുപ്പും നിറഞ്ഞ് പൊൻമുടി സഞ്ചാരികളെ വരവേൽക്കുവാൻ കാത്തുനിൽക്കുകയാണ്. മാത്രമല്ല കാട്ടാന.കാട്ടുപോത്ത്,പുലി എന്നിവയുടെ സാന്നിദ്ധ്യവുമുണ്ട്. എന്നാൽ ടോയ്‌ലെറ്റുകൾ നന്നാക്കുകയും, റോഡുകളുടെ അറ്റകുറ്റപണികൾ വൈകുന്നതുമൂലവുമാണ് പൊൻമുടി തുറക്കുവാൻ വൈകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. അടിയന്തരമായി പണികൾ പൂർത്തിയാക്കി അടുത്ത ആഴ്ചയോടുകൂടി പൊൻമുടി സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി.