
വർക്കല: 1924ൽ ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിതമായ ശിവഗിരി സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക്. ശിവഗിരിയുടെ വടക്കുഭാഗത്ത് വിശാലമായ കുന്നിൻ പരപ്പിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്ലേ ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഈ വിദ്യാലയത്തിൽ ഏകദേശം രണ്ടായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. 75 ഓളം അദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സ്കൂളിൽ ഇന്ന് നിലവിലുണ്ട്. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗമായ സ്വാമി വിശാലാനന്ദയാണ് ശിവഗിരി സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ. സ്കൂളിന്റെ ശതാബ്ദിആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് ശിവഗിരി സ്കൂളിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ പ്രതിമ പ്രതിഷ്ഠാകർമ്മം 17ന് രാവിലെ 8ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കുന്നത്. ശിവഗിരി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന് വേണ്ടി പണികഴിപ്പിച്ച മന്ദിരത്തിന്റെയും കോഫി ഷോപ്പിന്റെയും ഉദ്ഘാടനവും അന്നേദിവസം നടക്കും.
ചരിത്രം ഇങ്ങനെ
ശിവഗിരി കുന്നിൽ വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസരായരുടെ വകയായിരുന്നു സ്കൂൾ.
അക്കാലത്ത് സ്കൂളിന്റെ സ്ഥിതി വളരെ മോശപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടവും ചുവരുകളും വിള്ളലുകളും വീണു. ഇതിനിടെ സ്കൂളും സ്ഥലവും 5000 രൂപ വില നൽകി ശ്രീനിവാസരായരുടെ പക്കൽ നിന്നും ഗുരുദേവൻ വാങ്ങി. താത്കാലികമായി അതിന്റെ പ്രവർത്തനം ശിവഗിരി മഠത്തോട് ചേർന്നുള്ള നാലുകെട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 1924- സെപ്റ്റംബർ 12ന് ശ്രീനാരായണഗുരുദേവൻ ഇന്ന് സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഗുരുദേവൻ പ്രസിഡന്റും ഗോവിന്ദൻ ജഡ്ജി വൈസ് പ്രസിഡന്റുമായിരുന്ന കമ്മിറ്റിയാണ് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ഗുരുദേവൻ നാടിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുകയും സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള തുക സമാഹരിച്ച് കൊണ്ടുവന്നാണ് സ്കൂൾ കെട്ടിടം പണിത് ഉയർത്തിയത്. സ്കൂൾ ഫണ്ടിലേക്കുള്ള തുക ക്വയിലോൺ ബാങ്കിലും നാഷണൽ ബാങ്കിന്റെ കൊച്ചി ശാഖയിലും ഗുരുദേവന്റെ പേരിലാണ് നിക്ഷേപിച്ചിരുന്നത്. രണ്ട് വർഷംകൊണ്ട് സ്കൂളിന്റെ പ്രധാന കെട്ടിടം പൂർത്തീകരിക്കുകയും ശിവഗിരി മഠത്തിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന
സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
ആദ്യം ഒരു ഇംഗ്ലീഷ് മിഡിയം സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 8,9 ക്ലാസുകൾ ഉൾപെട്ട ഒരു മലയാളം ഹൈസ്കൂൾ വിഭാഗവും ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ഒരു മഹാ പാഠശാലയ്ക്ക് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിച്ചത്. കെട്ടിടം പണിക്കാവശ്യമായ കല്ലുകൾ കാള വണ്ടിയിലായിരുന്നു കൊണ്ടുവന്നത്. കാളകൾക്ക് വഹിക്കാവുന്ന ഭാരം മാത്രമേ വണ്ടിയിൽ കയറ്റാൻ പാടുള്ളൂവെന്നും അവയെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും ഗുരുദേവൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
സേവനമനുഷ്ഠിച്ച് പ്രമുഖർ
സ്കൂളിലെ വടക്കേ അറ്റത്തുള്ള മുറിയിൽ ഗുരുദേവൻ മിക്കപ്പോഴും വിശ്രമിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്നതായും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇതേ മുറിയിൽ സമാധിയോടടുത്ത് 15 ദിവസത്തോളം ഗുരുദേവൻ വിശ്രമിച്ചിരുന്നതായും പറയുന്നുണ്ട്. വൈക്കം സ്വദേശിയായ കെ. രാമൻപിള്ളയായിരുന്നു ഈ ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ഒരു വർഷത്തോളം കോമത്തു കുഞ്ഞുകൃഷ്ണൻ ബി.എയും, ആർ.ശങ്കറും, ആർ. ശങ്കർ ഉന്നതവിദ്യാഭ്യാസത്തിന് പോയ കുറച്ചുകാലം നടരാജൻ മാസ്റ്ററും നാരായണ ഗുരുകുലം സ്ഥാപകനായ നടരാജഗുരുവും ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നു.
ഇതോടനുബന്ധിച്ച് ഉണ്ടായിരുന്ന മലയാളം സ്കൂളിൽ എൻ. കുഞ്ഞുകൃഷ്ണൻ ബി. എ.എൽ.പി ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പിന്നീട് നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഹെഡ്മാസ്റ്റർമാരായും അദ്ധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.