
കഴക്കൂട്ടം: മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. നാലുപേർ നീന്തി രക്ഷപ്പെട്ടു. കഠിനംകുളം മരിയനാട് അർത്തിയിൽ പുരയിടത്തിൽ ജോസഫ് -ബ്രിജിറ്റ് ദമ്പതികളുടെ മകൻ വിൻസി ജോസഫ് (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ മരിയനാട്ടാണ് അപകടം നടന്നത്. വിൻസിയും മറ്റു നാലുപേരും പരലോകമാത എന്ന ഫൈബർ ബോട്ടിൽ മരിയനാട് നിന്നും തിരിക്കവേ ബോട്ട് ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ബോട്ടിൽ നിന്ന് തെറിച്ചുവീണ വിൻസി തിരക്കുഴിയിൽപ്പെട്ട് മുങ്ങിത്താണു. തീരത്തുനിന്ന മത്സ്യത്തൊഴിലാളികൾ വിൻസിയെ കരയ്ക്കെത്തിച്ച ശേഷം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 29ന് വിൻസിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മൃതദേഹം ഇന്ന് രാവിലെ മരുനാട് പരലോകമാതാ ദേവാലയത്തിലെ സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരങ്ങൾ: വിപിൻ, വിജി.