പാറശാല: പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം മികവുറ്റ തലമുറയെ വാർത്തെടുക്കുമെന്നും ഉന്നതവിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധനുവച്ചപുരം ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഐ.ടി.ഐയായി ഉയർത്തുന്നതിന്റെയും 11 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധനുവച്ചപുരം ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറികയാണെന്ന് പറഞ്ഞ അദ്ദേഹം ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് 10 ലക്ഷം കുട്ടികൾ പുതുതായി എത്തിയെന്നും സൂചിപ്പിച്ചു. ഐ.ടി.ഐ പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ കെ. ആൻസലൻ, ഐ.ബി. സതീഷ്, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു തുടങ്ങിയവർ പങ്കെടുത്തു.

ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന എസ്.വി. അനികുമാർ നന്ദി പറഞ്ഞു.

ഫോട്ടോ: ധനുവച്ചപുരം ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെയും 11 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു