തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. കോളീജിയറ്റ് എഡ്യുക്കേഷൻ സൂപ്രണ്ട് മനോരമയെ (68) കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതി ആദംഅലിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റശ്രമം. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിൽ മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി അന്വേഷണസംഘം കണ്ടെത്തിയെങ്കിലും കവർച്ച ചെയ്ത ആഭരണങ്ങൾ എവിടെയെന്ന് വ്യക്തമാക്കാൻ ആദം തയ്യാറായിട്ടില്ല. വരുംദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്. മനോരമയെ കൊലപ്പെടുത്തിയത് താനാണെന്ന് ചോദ്യം ചെയ്യലിൽ ആദം സമ്മതിച്ചു.

താളിയുണ്ടാക്കാൻ ചെമ്പരത്തിപ്പൂവ് ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയത്. മാമിയെന്നാണ് അവരെ വിളിച്ചിരുന്നത്. പതിവുപോലെ വിളിച്ചപ്പോൾ വീടിന് പുറത്തേക്ക് ഇറങ്ങിവന്ന അവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആദം പറഞ്ഞു. തെളിവെടുപ്പിനെത്തുന്ന വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കനത്ത സുരക്ഷാവലയത്തിലെത്തിയ പ്രതിക്കുനേരെ നാട്ടുകാർ പ്രതിഷേധവുമായി പാഞ്ഞടുത്തു. മനോരമയെ കൊന്ന് കെട്ടിത്താഴ്ത്തിയ കിണറ്റിനടുത്താണ് ആദമിനെ ആദ്യമെത്തിച്ചത്. പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച പ്രതി കൊലപാതകത്തിന് ശേഷം ആയുധം ഓടയിലേക്ക് എറിഞ്ഞതായി പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് പുറത്തെ ഓടയിൽ നിന്ന് കത്തി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആദംഅലിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായത്. ഉടൻ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി.

കൊലപാതകം നടന്ന വീട്ടിലും പ്രതികൾ താമസിച്ചിരുന്ന നിർമ്മാണം നടക്കുന്ന കെട്ടിടത്തിലുമെത്തിച്ച് തെളിവെടുത്തു. മനോരമ വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് ആദം ആക്രമിക്കാനെത്തിയത്. കത്തികൊണ്ട് കഴുത്തറക്കാൻ ശ്രമിച്ചപ്പോൾ മനോരമ ഉച്ചത്തിൽ കരഞ്ഞതിനെ തുടർന്ന് സാരിത്തുമ്പു കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മൃതദേഹവുമായി മതിൽ ചാടി കിണറിന് അടുത്തെത്തിയത് പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. മോഷണശ്രമമാണ് കൊലപാതകത്തിന് കാരണമെന്നാണ് അനുമാനം.

കൊലപാതകശേഷം നാടുവിടുമ്പോൾ ആദമിന്റെ കൈയിലുണ്ടായിരുന്ന കറുത്തബാഗ് കസ്റ്റഡിയിലെടുത്തപ്പോൾ ഉണ്ടായിരുന്നില്ല. ആ ബാഗ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 10 ദിവസത്തേക്കാണ് കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മെഡിക്കൽ കോളേജ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പും അന്വേഷണവും നടക്കുന്നത്.