
ശ്രീകാര്യം: പാങ്ങപ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ കഴക്കൂട്ടം സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാവിലെ കാര്യവട്ടം കൊടുത്തറ ക്ഷേത്രത്തിന് സമീപം അലഞ്ഞുനടന്ന നായയാണ് സ്ഥലവാസികൾ ഉൾപ്പെടെയുള്ളവരെ കടിച്ചത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സൂരജിനെ (16) നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവേയാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശശികുമാറിനെ നായ കടിച്ചത്. ശശികുമാറിന്റെ കാലിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായി. തുടർന്ന് സമീപത്ത് സുകുമാരന്റെ വീട്ടിലെ ആടിനെയും നായ കടിച്ചു.
ഒരാഴ്‌ചയ്‌ക്ക് മുമ്പ് റിട്ട.സൈനികനായ അശോകനും തെരുവുനായയുടെ കടിയേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവർ പേ വിഷബാധക്കെതിരെയുള്ള കുത്തിവയ്‌പ്പെടുത്തു. തുടർന്ന് ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും വെറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെനേരം നീണ്ട തെരച്ചിലിനൊടുവിൽ നായയെ പിടികൂടി മടങ്ങി. എന്നാൽ വൈകിട്ട് അക്രമകാരിയായ നായ സ്ഥലവാസിയെ കടിക്കാൻ ഓടിച്ചത് വീണ്ടും ഭീതി പരത്തിയതോടെയാണ് നേരത്തെ പിടികൂടിയത് മറ്റൊരു നായയെയാണെന്ന് മനസിലായത്. ഇന്ന് വീണ്ടും തെരച്ചിൽ നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ സ്‌കൂൾ വിദ്യാർത്ഥികളെ ആക്രമിക്കുന്നതും നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.