
തൃശൂർ: അരിമ്പൂർ നാലാംകല്ലിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കവർച്ചാ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗ്ഗീസ് ഭാര്യ ഷേർളിയെ ( 45 ) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കടയിൽ തനിച്ചുണ്ടായിരുന്ന ഷേർളിക്ക് നേരെ വന്നയാൾ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷേർളി നിലവിളിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പരിക്കേറ്റ ഷേർളി തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ചാണ് അന്വേഷണം.