തിരുവനന്തപുരം: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനം കെ.പി.സി.സി വിപുലമായി ആഘോഷിക്കും. ഇന്ന് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും വീടുകളിലും ദേശീയ പതാക ഉയർത്തും. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. 15ന് രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് കെ.സുധാകരൻ എം.പി ദേശീയപതാക ഉയർത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 8.30ന് 75 സേവാദൾ വാളന്റിയർമാരുടെ നേതൃത്വത്തിൽ കെ.പി.സി.സിയിലേയ്ക്ക് സ്വാതന്ത്ര്യ പദയാത്ര സംഘടിപ്പിക്കും.ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മയെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ആദരിക്കും.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാനസദസിൽ പിന്നണി ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥിയാവും. കെ.പി.സി.സിയുടെ ജയ്‌ഹോ റേഡിയോയുടെ ഉദ്ഘാടനവും തദ്ദവസരത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.