
നെയ്യാറ്റിൻകര: സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന നെയ്യാറ്റിൻകരയിലെ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ പ്രതികളും പൊലീസും കഴിയുന്നത് ഞെങ്ങിഞെരുങ്ങി. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. വനിതാജീവനക്കാരടക്കം 25ഓളം പൊലീസുകാരാണ് ഇവിടെ ദിവസേന ജോലിക്കെത്തുന്നത്. വനിതാജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് സുരക്ഷിതമായ സാഹചര്യമില്ലായെന്നതാണ് ഇവിടത്തെ ഏറ്റവും വലിയ വെല്ലുവിളി.
മാരായമുട്ടം നിവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നെയ്യാറ്റിൻകര, പാറശാല, ആര്യങ്കോട് സ്റ്റേഷനുകളെ വിഭജിച്ചാണ് മാരായമുട്ടത്ത് വാടക കെട്ടിടത്തിൽ പുതിയ പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കിയത്. 2014ൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഒരു ചെറിയ കുടുംബത്തിന് പോലും താമസിക്കാൻ സൗകര്യമില്ലാത്തെ കാലപ്പഴക്കം ചെന്ന ഒരു വീടിനെയാണ് പൊലീസ് സ്റ്റേഷനായി മാറ്റിയത്. നെയ്യാറ്റിൻകര നഗരസഭയിലെ 8 വാർഡുകളും, പെരുങ്കടവിള ഗ്രാമപഞ്ചായത്ത്, കൊല്ലയിൽ, കുന്നത്തുകാൽ ഗ്രാമപഞ്ചായത്തുകളുമാണ് മാരായമുട്ടം സ്റ്റേഷൻ പരിധിയിൽപ്പെടുന്നത്.
തൊണ്ടിമുതൽ പെരുവഴിയിൽ
മാരായമുട്ടം ജംഗ്ഷന് സമീപം തത്തിയൂർ-പാലിയോട് റോഡിൽ ഒരു കൊടുംവളവിലാണ് ശോച്യാവസ്ഥയിലായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഒരു പൊലീസ് സ്റ്റേഷന് വേണ്ട സെൽ സൗകര്യമോ ഡോക്യുമെന്റസുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യമോ ഇതിനുള്ളിലില്ല. അപകടങ്ങളിലും മറ്റ് കേസുകളിലും പെട്ട് പിടികൂടുന്ന തൊണ്ടി മുതലുകളായ വാഹനങ്ങൾ സൂക്ഷിക്കുന്നതാകട്ടെ പൊതുവഴിയിലും. ഈ വഴി ഇപ്പോൾ വാഹനങ്ങളെ കൊണ്ട് നിറഞ്ഞ് ആളുകളുടെ വഴി സഞ്ചാരം പൂർണ്ണമായും മുടങ്ങിയ അവസ്ഥയിലാണ്. പൊലീസ് വാഹനങ്ങളും സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തുന്ന വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നത് റോഡിലും സമീപത്തെ വീടുകളുടെ മുന്നിലുമാണ്.
സൂക്ഷിക്കാൻ ഇടമില്ല...
മഴ സമയത്ത് സ്റ്റേഷനുള്ളിൽ മുഴുവൻ വെള്ളം നിറയും. ഇതോടെ സ്റ്റേഷനിലെ രേഖകൾ സംരക്ഷിക്കുന്നത് പൊലീസിന് വെല്ലുവിളിയായി മാറും. സ്ഥലപരിമിതിയാൽ മോഷണക്കേസുകളിലും മറ്റ് സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ട് കൊണ്ടുവരുന്ന പ്രതികളെയടക്കം പൊലീസുകാർ കൈകാര്യം ചെയ്യുന്നത് ജീവഭയത്താലാണ്.
ഇത്തരത്തിൽ സ്റ്റേഷനിൽ എത്തിക്കപ്പെടുന്ന പ്രതികളെ പൊലീസുകാർക്കൊപ്പമാണ് നിറുത്തുന്നത്. പൊലീസിന്റെ കണ്ണൊന്ന് തെറ്റിയാൽ പ്രതികൾ തോന്നുംപടിയാണ് പെരുമാറുന്നത്. ഇതിനിടെ രണ്ട് പ്രാവശ്യം സ്റ്റേഷനിൽ നിന്നും പ്രതികൾ ചാടിപ്പോയ സാഹചര്യവുമുണ്ടായി.
ലോകായുക്ത വിധിയും കാണാനില്ല
സ്ഥലപരിമിതി സംബന്ധിച്ച് പഞ്ചായത്ത് പ്രതിനിധികൾക്കും എം.എൽ.എയ്ക്കും നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമായില്ല. മാരായമുട്ടം സ്റ്റേഷൻ നിർമ്മാണത്തിനായി 50 ലക്ഷം രൂപ ആഭ്യന്തരവകുപ്പ് കൈമാറിയിട്ടുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് കെട്ടിടം മാറ്റി സ്ഥാപിക്കൽ വൈകുന്നതെന്നാണ് അധികൃതരുടെ വാദം. കെട്ടിടത്തിന്റെ ശോച്യാവസ്ഥയും സ്ഥലപരിമിതിയും കണക്കിലെടുത്ത് പ്രദേശവാസിയായ അഭിഭാഷകന്റെ പരാതിയിൽ കെട്ടിടം സൗകര്യപ്രദമായ സ്ഥലത്തോട്ട് മാറ്റി സ്ഥാപിക്കണമെന്ന ലോകായുക്ത വിധിയുണ്ടായിട്ടും ഇതിനൊന്നും കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.