
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിൽ നെൽകൃഷിയുടെ വിള നിലമായിരുന്ന മുള്ളറംകോട് പാടശേഖരം തരിശായിട്ട് വർഷങ്ങളായി. മാവിൻമൂട് ജംഗ്ഷനടുത്തുള്ള ആയിലിക്കോണം മുതൽ പല കൈവഴികളായി തിരിഞ്ഞ് ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വരെ വ്യാപിച്ചുകിടക്കുന്നതാണ് പാടശേഖരം. ആട്ടറക്കോണം, മുളയ്ക്കോട്ടുകോണം, മാവേലിക്കോണം, ചെറുവള്ളിക്കോണം, വെട്ടിമൺകോണം, മാമ്പഴക്കോണം ഞായലിൽക്കോണം, എന്നിവയാണ് പ്രധാന ഏലാകൾ. ഒറ്റൂർ കൃഷിഭവന്റെ രേഖകൾ അനുസരിച്ച് ഇതിന്റെ ആകെ വിസ്തൃതി 78ഹെക്ടറാണ്. നിലവിൽ കർഷകർ ഈ പാടശേഖരം ഏതാണ്ട് പൂർണ്ണമായി കൈയൊഴിഞ്ഞമട്ടാണ്. മറ്റുജോലി സാദ്ധ്യതയും ഭാരിച്ച കൃഷി ചിലവുകളുമാണ് കർഷകരെ നെൽകൃഷിയിൽ നിന്ന് പിൻതിരിപ്പിക്കുന്നത്. വയലുകളിൽ കൃഷിയില്ലാതായതോടെ തലക്കുളങ്ങളും കൈത്തോടുകളും നാശത്തിന്റെ വക്കിലാണ്. ചില വയലുകളിൽ ഒറ്റപ്പെട്ട നെൽകൃഷി നടക്കുന്നുണ്ട്. അതും വലിയ നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. പല കർഷകരും നെൽകൃഷി മതിയാക്കി മരച്ചീനി, വാഴ, ചേന എന്നിവയാണ് ഇപ്പോൾ കൃഷിചെയ്യുന്നത്. ഭൂരിഭാഗം പാടങ്ങളും തരിശാണ്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ കൃഷി ഭവനുകളും പഞ്ചായത്തുകളും വഴി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി കർഷകരിൽ എത്തുന്നില്ല. കർഷക കൂട്ടായ്മകൾ വഴി നൽകിയ ടില്ലർ പോലുള്ള കാർഷിക യന്ത്രങ്ങൾ പ്രവർത്തനരഹിതമാണ്. ജല സ്രോതസ്സുകളായ വയലുകൾ നശിക്കുന്നതിന്റെ ഫലമായി കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നു. തരിശു നിലങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഒറ്റൂർ സഹകരണ ബാങ്കിന്റെ സഹായത്തോടെ മാമ്പഴക്കോണം ഏലായിൽ 20 ഏക്കറിൽ നെൽകൃഷി നടത്തുന്നതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.