തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. കൊളീജിയറ്റ് എഡ്യൂക്കേഷൻ സൂപ്രണ്ട് മനോരമയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദംഅലി കവർച്ച ചെയ്‌ത ആഭരണങ്ങൾ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ശക്തമാക്കി. മനോരമയുടെ വീടിന്റെ പരിസരത്തും സമീപത്തെ ചാലിലും റോഡരികിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം മെഡിക്കൽ കോളേജ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് പല സംഘങ്ങളായി പരിശോധന നടത്തി.
ആഭരണങ്ങൾ അടങ്ങിയ കറുത്ത ബാഗ് യാത്രയ്ക്കിടെ എവിടെയോ നഷ്ടമായെന്ന ആദമിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വഴികളിലെല്ലാം ബാഗിനായുള്ള തെരച്ചിലിലാണ് പൊലീസ്. കൊലപാതകത്തിന് കാരണമായ കവർച്ചയിലെ പ്രധാന തെളിവാണ് മനോരമ സംഭവ സമയത്ത് ധരിച്ചിരുന്ന മാലയും വളയും കമ്മലുമടങ്ങുന്ന ആഭരണങ്ങൾ. കൃത്യത്തിന് ശേഷം ട്രെയിനിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടും മുമ്പ് ഇവ എവിടെയും പണയം വച്ചതായോ വിറ്റതായോ ഉള്ള സൂചന ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല.
തൊണ്ടിമുതലായ ഇവ എവിടെയോ ആദം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ബാഗ് കാണാതായെന്ന മൊഴിയിൽ ഉറച്ചുനിൽക്കുന്ന ആദമിനെ പൊലീസ് ഇന്നലെയും മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. ഒളിപ്പിച്ച സ്ഥലം വ്യക്തമായാൽ ആദമിനെ അവിടെയെത്തിച്ച് ആഭരണം കണ്ടെത്തുകയാണ് പൊലീസിന്റെ ദൗത്യം. 10 ദിവസത്തേക്കാണ് ആദമിനെ കോടതി കസ്റ്റഡിയിൽ വിട്ടത്.