തിരുവനന്തപുരം: സി.ഐയ്ക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അരഡസൻ പൊലീസ് മെഡലുകൾ നേടിയതിന്റെ അഭിമാന നേട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ. കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലനത്തിലും നടത്തിയ മികച്ച പ്രകടനമാണ് മെഡിക്കൽ കോളേജ് സി.ഐ പി. ഹരിലാലിന്റെയും സഹപ്രവർത്തകരെയും അപൂർവ നേട്ടത്തിന് പിന്നിൽ. മെഡിക്കൽ കോളേജ്, പാലോട്, പാങ്ങോട്, വട്ടപ്പാറ എന്നിവിടങ്ങളിൽ ചുമതലയിലിരിക്കെ കേസ് അന്വേഷണത്തിൽ പ്രകടിപ്പിച്ച മികവാണ് ഹരിലാലിനെ അവാ‌ർഡിന് അർഹനാക്കിയത്. ഹരിലാലിന് പുറമേ സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സുജാതാ സുമം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽമിത്ര, രഞ്ജിത്ത്, അഭിലാഷ്, ഷൈജു. എം.എസ് എന്നിവരും വിവിധ കേസുകളുടെ അന്വേഷണത്തിൽ മികവ് പ്രകടമാക്കിയതിന് അവാർ‌ഡിന് അർഹരായി. കേരളത്തിലെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനുള്ള അവാർഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നഗരത്തിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളിലൊന്നായ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ വീണ്ടും നാടിന് അഭിമാനമായത്.