
പോത്തൻകോട്: ആസാദി കാ അമൃത് മഹോത്സവത്തിൽ ശാന്തിഗിരി ആശ്രമത്തിലും മറ്റു ഉപആശ്രമങ്ങളിലും ദേശീയപതാക ഉയർത്തി. ഇതാദ്യമായാണ് ആശ്രമങ്ങൾ കേന്ദ്രീകരിച്ച് ഇത്രയും വിപുലമായ രീതിയിൽ സ്വാതന്ത്യദിനാഘോഷ പരിപാടികൾ നടക്കുന്നത്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പ്രധാന കവാടത്തോട് ചേർന്ന് താമരപർണ്ണശാലയ്‌ക്ക് സമീപം ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻ ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി ദേശീയ പതാക ഉയർത്തി. ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീടുകളിലേക്ക് ആവശ്യമായ ദേശീയപതാകയുടെ വിതരണം സ്വാമി ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ സ്വാമി ജനസമ്മതൻ, സ്വാമി ആനന്ദജ്യോതി, സ്വാമി ഗുരുസവിധ്, സ്വാമി ജനമോഹനൻ, ടി.കെ. ഉണ്ണികൃഷ്ണപ്രസാദ്, പ്രമോദ് എം. പി, ബാബു. പി.പി, ഡി. പ്രദീപ് കുമാർ, അനിൽ. ടി. പി, മോഹനൻ, മുരുകൻ എന്നിവർ പങ്കെടുത്തു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് എൻ.എസ്.എസ്, വിശ്വസംസ്‌കൃതി കലാരംഗം പ്രവർത്തകരും നവപൂജിതം പ്രാർത്ഥനാചടങ്ങിനെത്തിയ ഗുരുഭക്തരും പങ്കെടുത്തു. കേന്ദ്രആശ്രമത്തിനു പുറമെ രാജ്യത്തുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും സന്യാസിമാർ ദേശീയപതാക ഉയർത്തി. 14, 15 തീയതികളിലായി ആശ്രമത്തിന്റെ വിവിധ സ്ഥാപനങ്ങളിലും വിദ്യാഭവൻ, സിദ്ധ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വിവിധ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.