car

പൂവച്ചൽ: കഞ്ചാവ് മാഫിയയെ വിലക്കിയ യുവമോർച്ചാ പഞ്ചായത്ത് സെക്രട്ടറിയായ അഖിൽ കാട്ടാക്കടയുടെ വീടിന് മുന്നിൽ നിറുത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു. കൊണ്ണിയൂർ വത്സലഭവനിലെ പോർച്ചിൽ നിറുത്തിയിട്ട കാറും ബൈക്കും രണ്ട് സ്‌കൂട്ടറുകളുമാണ് പൂർണ്ണമായും കത്തിനശിച്ചത്.

ശനിയാഴ്‌ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഇവരുടെ വീടിന് സമീപത്തായി ഒരു സ്‌കൂട്ടർ അപകടത്തിൽപ്പെട്ട നിലയിലും കണ്ടെത്തി. ഇത് തൃശൂരിൽ നിന്നും കാണാതായ സ്‌കൂട്ടറാണെന്ന് തെളിഞ്ഞു. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. വാഹനങ്ങൾ കത്തുന്നത് നാട്ടുകാർ ആണ് ആദ്യം കണ്ടത്.തുടർന്ന് ഇവർ ബഹളം വച്ചപ്പോൾ വീട്ടുകാർ ഉണർന്നു.

പൊതുപ്രവർത്തകനായ തന്നെ ലക്ഷ്യം വച്ചാകാം അക്രമം എന്ന് എന്ന് സംശയമുണ്ടെന്നും അതിനാൽ ഇതുകൂടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഖിൽ കാട്ടാക്കട പൊലീസിൽ മൊഴി നൽകി. പ്രദേശത്ത് നേരത്തെ കഞ്ചാവ് മാഫിയ ശല്യം ഉണ്ടായിരുന്നു. ഇത് അഖിൽ ഉൾപ്പെടുന്ന പൊതുപ്രവർത്തകർ വിലക്കിയിരുന്നു. കഞ്ചാവ് മാഫിയയുടെ ഭാഗത്തുനിന്നുള്ള ആക്രമണമാണോ എന്ന് സംശയം ഉള്ളതായി പൊലീസ് പറയുന്നു. രാഷ്ട്രീയ സംഘർഷങ്ങളും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.